ന്യൂഡല്‍ഹി: അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്നും അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണന്നും രാഹുല്‍ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. അദാനിക്കു നേരെ വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ് അദാനിയെ നേരിടുമെന്നും രാഹുല്‍ പറഞ്ഞു.
പ്രതിരോധ മേഖലയില്‍ പോലും അദാനിയുടെ ഷെല്‍ കമ്പനികള്‍ നിഗൂഢതയോടെ പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയും, സര്‍ക്കാരും, മന്ത്രിമാരും അദാനിയുടെ രക്ഷകരാണ്്. ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രിക്ക് ഉത്തരമില്ല. സത്യമറിയുന്നത് വരെ താന്‍ ചോദ്യം ചോദിച്ചുക്കൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ട പാരമ്പര്യമുള്ളവരാണ് കോണ്‍ഗ്രസുകാര്‍. അതേ പോലെ കോണ്‍ഗ്രസ് അദാനിയെ നേരിടും. പ്രതികൂല കാലാവസ്ഥകള്‍ അവഗണിച്ചായിരുന്നു യാത്രയില്‍ ജനങ്ങള്‍ പങ്കെടുത്തത്. കൃഷി, തൊഴിലുറപ്പ് പദ്ധതി, തുടങ്ങിവയില്‍ കുറെ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കര്‍ഷകരുമായി സംസാരിച്ചപ്പോള്‍ മനസിലായി. യാത്രയില്‍ കേരളത്തിലൂടെ നടന്നപ്പോള്‍ അസഹനീയമായ കാല്‍മുട്ട് വേദനയുണ്ടായി. യാത്ര മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയുമെന്ന് കരുതിയില്ല. കോളേജ് സമയത്ത് ഫുട്ബോള്‍ കളിച്ചപ്പോഴുണ്ടായ പരുക്കായിരുന്നു വേദനയ്ക്ക് കാരണം. എന്നാല്‍ എനിക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കണമായിരുന്നു. അതിനാല്‍ ഞാന്‍ എല്ലാ പ്രതിസന്ധികളും അവഗണിച്ച് യാത്ര തുടര്‍ന്നു. വിശപ്പും, ദാഹവുമൊക്കെ മറന്ന് ആയിരക്കണക്കിന് ആളുകളാണ് ഒപ്പം നടന്നത്. കശ്മീരിലെ ലാല്‍ ചൗക്കില്‍ നരേന്ദ്ര മോദിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ കഴിയുമോ. തനിക്ക് അത് സാധിച്ചത് കശ്മീലെ യുവാക്കളുടെ ഹൃദയം കവരാന്‍ കഴിഞ്ഞതുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.