പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള നേതാക്കള്‍ രേഖകളും തെളിവുകളും നേതൃത്വത്തിന് സമര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് തെളിവ് ശേഖരണം നടത്തിയത്. പാലക്കാട് നേരിട്ടെത്തി നടത്തിയ തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് പുത്തലത്ത് ദിനേശന് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
ഇന്നലെ ചേര്‍ന്ന മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎമ്മില്‍ ആരും ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി സുരേഷ് ബാബു യോഗത്തില്‍ പറഞ്ഞു. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും മണ്ണാര്‍ക്കാട് പ്രത്യേക തുരുത്തായി പ്രവര്‍ത്തിക്കേണ്ടെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
പി കെ ശശി ചെയര്‍മാനായ യുണിവേഴ്സല്‍ കോളേജിനായി സിപിഎം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി അറിയാതെ അഞ്ച് കോടി 49 ലക്ഷം രൂപ സമാഹരിച്ചുവെന്നാണ് പ്രധാന ആരോപണം. ഈ തുക കൈകാര്യം ചെയ്തതിലും വ്യാപക ക്രമക്കേടുണ്ടെന്നും പരാതിയുണ്ട്. ഈ പരാതികളിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെ തെളിവെടുപ്പിന് നിയോഗിച്ചത്.