റായ്പുര്‍: പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരസ്യ വിഴുപ്പലക്കലാണ് കെ.സി.യെ പ്രകോപിപ്പിച്ചത്. പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും പരസ്യമായ പ്രതികരണത്തിന് ആരും പോകാതിരിക്കണമെന്നും കെസി വേണുഗോപാല്‍ നിര്‍ദേശിച്ചു. പരാതികള്‍ ഒഴിവാക്കി കൊണ്ടേ മുന്നോട്ട് പോകൂയെന്നും നേതാക്കള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നടക്കുന്ന പല കാര്യങ്ങളും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നില്ലെന്നും വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്ന് കോക്കസായാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കേരളത്തിലെ ചിലര്‍ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് വേദനാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.