പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ ശശി തരൂരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരേ വേദിയില്‍ ഇല്ല. കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ശശി തരൂര്‍, കെ സുധാകരന്, വി ഡി സതീശന് ഉള്‍പ്പെടെവര്‍ പങ്കെടുക്കുമെങ്കിലും ശശി തരൂരും വി ഡി സതീശനും ഒരേ വേദിയില്‍ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ശശി തരൂരും കെ സുധാകരനും പങ്കെടുക്കും. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും വി ഡി സതീശന് പങ്കെടുക്കുക.കോണ്‍ക്ലേവ് ശക്തി പ്രകടനം അല്ലെന്ന് സംഘടകര്‍ പറഞ്ഞു.
സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളില്‍ ശശി തരൂരിന്റെ സാന്നിദ്ധ്യം ചര്‍ച്ചയാകുമ്പോള്‍ തരൂരിനെ കൊച്ചിയില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ് പ്രചാരണം. ഡോ. എസ് എസ് ലാലും മാത്യുകുഴല്നാടന് എംഎല്‍എയുമാണ് പ്രധാന സംഘാടകര്‍.
ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകന്‍ ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒന്‍പത് മുതല്‍ ആറ് മണിവരെ വിവിധി സെഷനുകളിലായിട്ടാണ് പരിപാടി. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കിയ മലബാര്‍ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാര്‍ട്ടി സമരവേദിയിലും തരൂര്‍ സജീവമാകുകയാണ്. കോര്പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയില്‍ സ്ഥലം എംപിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച ഔദ്യോഗിക നേതൃത്വത്തിന് പരോക്ഷ മറുപടിയും തരൂര്‍ നല്കി.