തിരുവനന്തപുരം: പുതുപ്പളളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തി വെയക്കാന് നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്കി. ഉപതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് കമ്മീഷന്റെ തീരുമാനം.
നേരത്തെ ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണക്കിറ്റ് വിതരണം നിര്‍ത്തിവെച്ചുകൊണ്ടുളള കമ്മീഷന്റെ നടപടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസ്സമാകാന്‍ പാടില്ലെന്ന് കത്തില്‍ വിഡി സതീശന് ആവശ്യപ്പെട്ടിരുന്നു. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നും വി ഡി സതീശന് കത്തില്‍ സൂചിപ്പിച്ചിരുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി ശ്രദ്ധയില്‍പെട്ടു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്ന് വിഡി സതീശന് അഭ്യര്‍ത്ഥിച്ചിരുന്നു.