ലഖ്നൗ: അഭിനയത്രി സപ്ന ചൗധരിയെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയേയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശ് എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് അധിക്ഷേപ പ്രസംഗവുമായി രംഗത്തെത്തിയത്.
സോണിയ ഗാന്ധി ഇറ്റലിയിലെ ഡാന്സുകാരിയാണെന്നും അത് കൊണ്ടാണ് രാഹുല്‍ ഗാന്ധി സപ്നയെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം. അച്ഛന്റെ മാതൃക പിന്തുടര്ന്ന് സപ്നയെ സ്വന്തമാക്കണമെന്നും തന്റെ കുടുംബത്തിന്റെ പാരമ്ബര്യം സംരക്ഷിക്കണമെന്നും ഇയാള്‍ പറഞ്ഞു. മോദിയെ പോലുള്ള ഒരു നേതാവ് ഉള്ളപ്പോള്‍ ഡാന്‍സുകാരിയായ ഒരു നേതാവിനെ അംഗീകരിക്കില്ലെന്നും അമ്മായി അമ്മയും മരുമകളും ഒരേ മേഖലയില്‍ നിന്നുള്ളവരാകുമ്ബോള് നല്ലതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഒരു പാര്‍ട്ടിക്ക് വേണ്ടിയും പ്രചരണത്തിന് ഇറങ്ങില്ലെന്നും സപ്ന ചൗധരി പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിനായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി സപ്ന കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം സപ്ന നില്ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നാണ് സപ്നയുടെ വിശദീകരണം.