ന്യുഡല്‍ഹി: രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്ക് മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. യു.പി.എ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ 20% വരുന്ന ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കും. ബാങ്ക് അക്കൗണ്ട് വഴി നേരിട്ടായിരിക്കും പദ്ധതിയുടെ നേട്ടം ലഭിക്കുക. അധികാരത്തിലെത്തിയാലുടന്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനതയ്ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇത് പ്രയോഗികമായ പദ്ധതിയാണെന്നും അതിനുള്ള പണം കണ്ടെത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ സുപ്രധാന ഭാഗം രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്.
അതേസമയം, വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അടക്കമുള്ള വിഷയങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് പിന്നീട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വേളയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 6000 രൂപ വാര്‍ഷിക സഹായം പ്രഖ്യാപിച്ചതിനു ബദലായാണ് രാഹുല്‍ പ്രതിമാസം 6,000 രൂപ പ്രഖ്യാപിച്ചത്.