റായ്പൂര്‍: പ്രവര്‍ത്തകസമിതിയംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയം പാസാക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ അഭിപ്രായം യോഗത്തെ സ്വാധീനിക്കാതിരിക്കാനാണ് മൂവരും വിട്ടുനിന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രവര്‍ത്തക സമിതിയംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കും. കോണ്‍ഗ്രസ് പ്രസിഡന്റ്, മുന്‍ പ്രസിഡന്റുമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്സഭാ, രാജ്യസഭാ കക്ഷിനേതാക്കള്‍ എന്നിവര്‍ക്കു സ്ഥിരാംഗത്വം നല്‍കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡോ. മന്മോഹന് സിങ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ഇത്തരത്തില്‍ സ്ഥിരാംഗങ്ങളാകും. പാര്‍ട്ടിയുടെ അംഗബലം ഉയര്‍ന്ന സാഹചര്യത്തില്‍ എഐസിസി അംഗങ്ങളുടെ എണ്ണം 1300 ല്‍ നിന്ന് 1800 ആക്കും. നാളെ അവസാനിക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തകസമിതിയെ പ്രഖ്യാപിക്കില്ലെന്നാണ് സൂചന.
പ്രവര്‍ത്തകസമിതി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി സമിതികളിലും 50% പട്ടികവിഭാഗ ഒബിസി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി മാറ്റിവയ്ക്കും. രാജസ്ഥാനിലെ ഉദയ്പുരില്‍ കഴിഞ്ഞവര്‍ഷം നടന്ന ചിന്തന്‍ ശിബിരത്തിലുയര്‍ന്ന ശുപാര്‍ശയാണിത്. സംഘടനാതല മാറ്റങ്ങള്‍ക്കായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യും.
കേരളത്തില്‍നിന്ന് കെ സുധാകരന്, വി ഡി സതീശന്, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സംസ്ഥാന നേതൃത്വം പാര്‍ട്ടി കാര്യങ്ങള്‍ അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് വിട്ടുനില്‍ക്കുകയാണ്. അനാരോഗ്യം മൂലം മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരും പ്ലീനറി സമ്മേളനത്തിനെത്തിയിട്ടില്ല.
ഖര്‍ഗെയും മറ്റു നേതാക്കളുമായുള്ള അടുപ്പവും മുന്‍പു ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും പ്രവര്‍ത്തക സമിതിയിലേക്കു തനിക്കു വഴിയൊരുക്കുമെന്ന കണക്കുകൂട്ടലിലാണു രമേശ് ചെന്നിത്തല. പട്ടികവിഭാഗ സംവരണം ഗുണം ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതീക്ഷിക്കുന്നു.