ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജിവച്ചത്.
കെപിസിസി പ്രസിഡന്റ കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുമടക്കം ഡോക്യുമെന്ററി വിവാദത്തില്‍ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിന്‍വലിക്കാനുള്ള അവരുടെ ആവശ്യം താന്‍ തള്ളിയെന്നും അനില്‍ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനില്‍ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നും അനില്‍ വിമര്‍ശിച്ചു.