തിരുവനന്തപുരം : ചരിത്രത്തിലേക്ക് ഷാനിമോൾ ഉസ്മാൻ അരുർ വഴി കടന്നു കയറിയപ്പോൾ ഒറ്റക്കെട്ടായി കോൺഗ്രസും യുഡിഎഫും നടത്തിയ പ്രവർത്തനങ്ങളുടെ ശ്രമങ്ങളുടെ റിസൽറ്റുണ്ടായി എന്നത് വ്യക്തം.
ടീം ഷാ നിമോൾ ഉസ്മാനെ പിടി തോമസെന്ന ചാണക്യൻ മുന്നിലും ഒപ്പം ലതികാ സുഭാഷും ബൂത്ത് കമ്മിറ്റികൾ തൊട്ട് ചലിപ്പിച്ച് എം ലിജുവും തീരദേശ മേഘലകൾ ഇളക്കിമറിച്ച് കെവി തോമസും ഷിബു ബേബി ജോണും കളം നിറഞ്ഞ് കളിച്ചു. ഇവർക്കൊപ്പം കയ്യും മെയ്യും മറന്ന് കോൺഗ്രസ് യു ഡി എഫ് പ്രവർത്തകരും ഇതാണ് അരൂരിൽ നിന്നും അട്ടിമറി വിജയവുമായി ഷാനിമോൾ ഉസ്മാൻ എന്ന കോണ്ഗ്രസുകാരിക്ക് ചുവപ്പു കോട്ട പൊളിച്ച് ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത്.
ഈ നിയമസഭയിലെ പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗമാണ് ഷാനിമോൾ ഉസ്മാൻ.
ഇപ്പോൾ വിജയ ശിൽപ്പികളായി അവകാശവാദികൾ നിരവധി. കായൽ കാണാനെത്തി മത്സ്യം കഴിച്ച് മടങ്ങിയവരും ഷാനിമോളുടെ വിജയത്തിലവകാശികളായി ഞെളിയുമ്പോഴും പരിഭവമില്ലാതെയാണ് ടീം ഷാനിമോൾ ഉസ്മാന്റെ അമരക്കാർ.
കോൺഗ്രസ് നേതാക്കൾക്ക് പാഠ്യശാല യാണ് ചിട്ടയായ അരൂരെ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനവും ഷാനിമോളുടെ വിജയവും.
കെ ആർ ഗൗരിയമ്മ ഒൻപതുതവണ വിജയിച്ച മണ്ഡലത്തിൽ നിന്നുമാണ് ഷാനിമോളെ യുഡിഎഫ് നിയമസഭയിലേക്ക് എത്തിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത.
നിലവിൽ എട്ടു വനിതകളാണ് നിയമസഭയിലുള്ളത്. ചരിത്രത്തിലാദ്യമായി മന്ത്രിസഭയിലുമുണ്ട് രണ്ട് വനിതകൾ. കായംകുളം എംഎൽഎ യു പ്രതിഭക്ക് പിന്നാലെ ആലപ്പുഴയ്ക്ക് മറ്റൊരു വനിതാ ജനപ്രതിനിധിയെ കൂടിയാണ് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നിരയിൽ പേരിനുപോലും ഒരു വനിതാ പ്രതിനിധി ഇല്ലാത്ത അവസ്ഥ ഷാനിമോളുടെ വിജയത്തോടെ മാറി.