കോൺഗ്രസിന്റെ ഊർജ്ജം താഴെ തട്ടിലെ പ്രവർത്തകർ : വി.ഡി സതീശൻ
മുവാറ്റുപുഴ : താഴെ തട്ടിൽ വിശ്രമമില്ലാതെ ഓടിനടക്കുന്ന സാധാരണക്കാരായ പ്രവർത്തകരാണ് കോൺഗ്രസ് പാർട്ടിയുടെ ഊർജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇവരുടെ കരുത്തിൽ ഒരു കൊടുങ്കാറ്റ് പോലെ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരികെ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിച്ച മണ്ഡലം, ബൂത്ത് തല പ്രവർത്തകരെ ആദരിക്കുന്നതിന് മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 80 ശതമാനം പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫ് അധികാരത്തിൽ എത്തുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. തന്റെ പൊതു ജീവിതത്തിൽ ആദ്യമായാണ് താഴെ തട്ടിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർദ്ര കേരളം പുരസ്ക്കാര ജേതാക്കളായ നഗരസഭ ചെയർമാൻ പി.പി എൽദോസ്, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരെയും പ്രതിപക്ഷ നേതാവ് ചടങ്ങിൽ ആദരിച്ചു. മണ്ഡലം, ബൂത്ത് തല പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി.എ അബ്ദുൾ മുത്തലിബ്, അഡ്വ. എസ് അശോകൻ, കെ.എം സലിം, എ. മുഹമ്മദ് ബഷീർ, അഡ്വ. വർഗീസ് മാത്യു, പി.എസ് സലിം ഹാജി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, കെ.ജി രാധാകൃഷ്ണൻ, സുഭാഷ് കടയ്ക്കോട്, പി.എം ഏലിയാസ്, കെ.എ അബ്ദുൾ സലാം, പി.പി ജോളി, ജോളിമോൻ ചുണ്ടയിൽ, ഷാൻ പ്ലാക്കുടി, പി.എം അബുബക്കർ, ഷിബു പരീക്കൻ, കെ ഭദ്രപ്രസാദ്, മുഹമ്മദ് റഫീഖ്, ഹിപ്സൺ എബ്രഹാം, ബിജു പുളിക്കൻ, അരുൺ വർഗീസ്, മിനി എൽദോ, എം.കെ അമൃതദത്തൻ, സന്തോഷ് ഐസക്, സജി എ.പി, ജെയിംസ് എൻ ജോഷി, എന്നിവർ സംസാരിച്ചു.