സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ മാറി നില്‍ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പീക്കര്‍ക്ക് സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സ്പീക്കര്‍ കസേര ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ആദ്യ അജന്‍ഡയായ അന്തരിച്ച പ്രമുഖര്‍ക്കുള്ള അനുശോചന രേഖപ്പെടുത്തി. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ വി.ഡി. സതീശന് അനുമതി നല്കി. ഭരണഘടന അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്ന് സ്പീക്കര്‍ മറുപടി നല്കി. ഭരണഘടനാ ചട്ടം അനുസരിച്ച് 15 ദിവസം വേണം. സഭ ചേരുന്നതിന് 14 ദിവസം മുന്‍പ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കിയതെന്ന് എം ഉമ്മര്‍ എംഎല്‍എ പറഞ്ഞു.
15 ദിവസത്തെ നോട്ടീസ് നല്‍കിയല്ല സഭ വിളിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ വാദങ്ങളെ പ്രതിപക്ഷ നേതാവ് ചെന്നിത്തല ഖണ്ഡിച്ചത്. ഭരണഘടന ചട്ടം മാറ്റാന്‍ തനിക്ക് അധികാരമില്ലെന്ന് സ്പീക്കറും പറഞ്ഞു. സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ് സഭ ചേരാന്‍ തീരുമാനിച്ചത്. സ്പീക്കര്‍ക്കെതിരായ പ്രമേയം എടുക്കാന്‍ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളംവയ്ക്കുകയും നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.