തിരുവനന്തപുരം: യു.ഡി.എഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നില്‍ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതില്‍ ശക്തി പകര്‍ന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അദ്ദേഹം പ്രാധാന്യം നല്കി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോണ്‍ഗ്രസില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളില്‍ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിദ്യാര്‍ഥി കാലം മുതല്‍ക്ക് തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനും ആയിരുന്നു ഉമ്മന്‍ ചാണ്ടി. നിശ്ചിത കാലം കഴിയുന്നതോടെ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി മാറി. ചെറുപ്പ കാലം മുതല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതിപ്രധാനികളില്‍ ഒരാളായി അദ്ദേഹം മാറിയിരുന്നു. നിയമസഭാ പ്രവര്‍ത്തനം ഒന്നിച്ചാണ് തുടങ്ങിയതെങ്കിലും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഇടവേളകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി ആ പ്രവര്‍ത്തനം ഭംഗിയായി നിറവേറ്റി’- മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ നടക്കുന്നതിനിടെ ഒരു പരിപാടിയില്‍ വെച്ച് അദ്ദേഹവുമായി കണ്ടു മുട്ടിയ ഓര്‍മ്മകളും മുഖ്യമന്ത്രി പങ്കുവെച്ചു. നല്ല മാറ്റമാണല്ലോ എന്ന് അന്ന് സ്വകാര്യം പറഞ്ഞപ്പോള്‍ ചികിത്സിച്ച ഡോക്ടറെക്കുറിച്ച് അദ്ദേഹം പറഞ്ഞുവെന്നും പിന്നീട് ആ ഡോക്ടറെ താന്‍ വിളിച്ചു സംസാരിച്ച് അനുമോദനം അറിയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയോട് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ അതിന് അദ്ദേഹം തയ്യാറാകുമോ എന്ന് അറിയില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. വിശ്രമം ഉമ്മന്‍ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല എന്ന് മുഖ്യമന്ത്രി അനുസ്മരണ യോഗത്തില്‍ പറഞ്ഞു.
കെ. സുധാകരന്
തരംതാണ രീതിയില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ ഒരിക്കല്‍പ്പോലും ഉമ്മന്‍ ചാണ്ടി മോശമായി പ്രതികരിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. അദ്ദേഹത്തെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങള്‍ എല്ലാവര്ക്കും അറിയാമായിരുന്നു. അദ്ദേഹത്തെ തികഞ്ഞ ഗാന്ധിയനായി താന്‍ കരുതുന്നു. ഒരു വലിയ ഉത്തരവാദിത്തം തങ്ങളെ എല്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉമ്മന്‍ ചാണ്ടിയാകുക എന്നതായിരിക്കണം എല്ലാ പൊതുപ്രവര്‍ത്തകരുടെ ലക്ഷ്യവും സ്വപ്നവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.ഡി. സതീശന്
പൊതുപ്രവര്‍ത്തനത്തില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. അദ്ദേഹം ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും ഓരോ സാധാരണക്കാരനും അത് എത്ര മാത്രം സഹായം ലഭിക്കുമെന്ന് ഓര്‍ത്തുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.