മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കേണ്ടതില്ലെന്ന് മഹാവികാസ് അഘാഡി സഖ്യം കൂട്ടായി തീരുമാനമെടുത്തു. സഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. ശിവസേന വക്താവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ ശരദ് പവാര്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചു. ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പൂര്‍ണ പിന്തുണയുണ്ട്.
അതിനിടെ വിമത നേതാവ് എക്നാഥ് ഷിന്‍ഡെ അസമിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായി സൂചനയുണ്ട്. അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ ഏക്നാഥ് ഷിന്‍ഡേക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനം വിട്ട് പോകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
അതിനിടെ ഉദ്ധവിന് പിന്തുണ അറിയിച്ച് മാതോശ്രീക്ക് മുന്നില്‍ ശിവസേന പ്രവര്‍ത്തകരെത്തി. മുംബൈയിലേക്ക് മടങ്ങിവരാന്‍ എം.എല്‍.എമാരെ സഞ്ജയ് റാവത്ത് വെല്ലുവിളിച്ചു. സഭയില്‍ കരുത്ത് തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗുവാഹത്തി അതിനിടെ നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിമതരുമായി സംസാരിക്കാനെത്തിയ ശിവസേന എം.എല്‍.എ സഞ്ജയ് ബോഗ്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഉദ്ധവ് താക്കറെയോടൊപ്പം നില്ക്കുന്ന എം.എല്‍.എയാണ് സഞ്ജയ് ബോഗ്ല.
50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെട്ടത്. അവരില്‍ 40 പേര് ശിവസേനയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്വതന്ത്ര എം.എല്‍.എമാര്‍ അസമില്‍ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് എത്തിയിട്ടുണ്ട്.
ഗുജറാത്തിലെ സൂറത്തിലാണ് ഷിന്‍ഡെയും സംഘവും ആദ്യം എത്തിയത്. പിന്നീട് ഇവരെ അസമിലെ ഗുവാഹത്തിയിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കുകയായിരുന്നു. ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തുന്ന ഘട്ടത്തിലെത്തി നില്ക്കുന്നു. താനാണ് യഥാര്‍ഥ ശിവസേനയെന്നും മതിയായ എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
എന്നാല്‍ ശരദ് പവാറിന്റെ പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും ‘അസ്വാഭാവിക സഖ്യം’ അവസാനിപ്പിച്ച് പഴയ സഖ്യകക്ഷിയായ ബി.ജെ.പിക്കൊപ്പം ശിവസേന മഹാരാഷ്ട്ര ഭരിക്കുക എന്നതു മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഷിന്‍ഡെ പറയുന്നു. എന്നാല്‍ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിലൂടെ മാത്രമേ സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച തീരുമാനമുണ്ടാകൂ എന്ന് ശരദ് പവാര്‍ വ്യക്തമാക്കി.