പുരാവസ്തു തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയെന്ന ആരോപണമുയര്‍ന്ന അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തിലെത്തിയതില്‍ നടപടി ഇന്ന്. സ്പീക്കര്‍ എംബി രാജേഷ് 10.15 ന് വാര്‍ത്താ സമ്മേളനത്തില്‍ നടപടി വിശദീകരിക്കും. സഭാ ടിവിക്ക് ഒടിടി സഹായം നല്ക്കുന്ന ബിട്രൈയിറ്റ് സൊല്യൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത പുല്ലയില്‍ എത്തിയതെന്നാണ് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്.
ഈ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാനാണ് സാധ്യത. ബിട്രൈയിറ്റ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതയെ സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയത്. അതേസമയം സഭാ ടിവി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തി വിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മൊഴി.
ഈ ക്ഷണക്കത്ത് എങ്ങനെ കിട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഓപ്പണ്‍ ഫോറത്തിലെ അതിഥികള്‍ക്കുള്ള ക്ഷണക്കത്ത് നോര്‍ക്ക വിവിധ പ്രവാസി സംഘടനകള്‍ക്കാണ് നല്‍കിയത്. ഇവര്‍ വഴിയായിരിക്കും ക്ഷണക്കത്ത് അനികതയ്ക്ക് കിട്ടിയതെന്നാണ് സൂചന.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിന്റെ സുഹൃത്തായിരുന്നു അനിത പുല്ലയില്‍ ലോക കേരളസഭ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് വിവാദമായിരുന്നു.
പ്രതിനിധി പട്ടികയില്‍ പേരില്ലാതിരുന്നിട്ടും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന് തമ്പി ഹാളിന് സമീപത്താണ് അനിത എത്തിയത്. ക്ഷണമില്ലാതെയാണ് അനിത എത്തിയതെന്ന് അറിഞ്ഞതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പുറത്താക്കുകയും ചെയ്തിരുന്നു.