ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ മരണത്തോട് കൂടി പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്കാരങ്ങളാണ് ലക്ഷദ്വീപില്‍ നിലവില പ്രതിഷേധത്തിന് കാരണം.
ദിനേശ്വര്‍ ശര്‍മ്മയ്ക്ക് പകരക്കാരനായി ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുല്‍ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ എന്ന അധിക ചുമതല കൂടി 2020 ഡിസംബര്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ നല്കി. ഇതോടെയാണ് ലക്ഷദ്വീപിലെ സ്ഥിതിഗതികള്‍ മാറിയത്. പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്.
ഒരു വര്‍ഷമായി ദ്വീപില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പ്രഫുല്‍ പട്ടേല്‍, യാത്രക്കാര്‍ക്കുള്ള ക്വാറന്റൈനും കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞകതോടെ ലക്ഷദ്വീപില്‍ കൊവിഡ് വ്യാപനം തീവ്രമായി. സര്‍ക്കാര്‍ ഓഫീസുകളിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതും തീരസംരക്ഷണത്തിനെന്ന പേരില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു കളഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായി.
2011ലെ നിയമ പ്രകാരം 50 മീറ്ററിനടുത്ത കോസ്റ്റല്‍ റെഗുലേറ്ററി സോണുകളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ പാടില്ല എന്നായിരുന്നു ഉത്തരവ്. പിന്നീടിത് 20 മീറ്ററാക്കി. പക്ഷേ മത്സ്യതൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗത്തിനാവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും കടല്‍ തീരത്തിനടുത്ത് സൂക്ഷിക്കുന്നതില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഇതെല്ലാം ഉള്ളതെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ഷെഡുകളുള്‍പ്പെടെ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചു കളയുകയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന നിയമവും പാസാക്കാന്‍ ഒരുങ്ങുകയാണ് പട്ടേല്‍. അംഗനവാടികള്‍ അടച്ചു പൂട്ടിയും മദ്യനിരോധനമുള്ള ദ്വീപില്‍ മദ്യശാലകള്‍ തുറന്നെന്നും ആരോപണങ്ങളുണ്ട്.