തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം പ്രതീക്ഷിച്ചു ബിജെപി കേരളഘടകം. നിലവിലെ 3 രാജ്യസഭാംഗങ്ങളെ പരിഗണിച്ചേക്കാം. മിസോറം ഗവർണർ പദവി രാജിവയ്പിച്ചു തിരുവനന്തപുരത്തു കളത്തിലിറക്കിയ കുമ്മനം രാജശേഖരനും സാധ്യതയുണ്ട്. മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, നടൻ സുരേഷ് ഗോപി എന്നിവരാണു നിലവിൽ രാജ്യസഭാംഗങ്ങൾ. ഇവരിൽ മുരളിയൊഴികെ 2 പേരും ലോക്സഭയിലേക്കു മൽസരിക്കുകയും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളിലൊരാൾ എന്നതു മുരളിയുടെ സാധ്യത വർധിപ്പിക്കുന്നു. നിലവിൽ മോദി മന്ത്രിസഭയിലെ അംഗമാണെന്നതിനാൽ വീണ്ടുമൊരു ഊഴം കണ്ണന്താനത്തിനും പ്രതീക്ഷിക്കാം.
തിരുവനന്തപുരത്തു നിന്നു ജയിച്ചാൽ കുമ്മനം ഉറപ്പായും കേന്ദ്ര മന്ത്രിയാകുമെന്നു ബിജെപി തന്നെ പ്രചരിപ്പിച്ചിരുന്നു. തോറ്റെങ്കിലും കുമ്മനത്തെ തഴയാനിടയില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഏതു സാഹചര്യത്തിലും ഒരു സീറ്റെങ്കിലും കേരളം എൻഡിഎയ്ക്കു സംഭാവന ചെയ്യുമെന്നു ബിജെപി കേന്ദ്രനേതൃത്വം പ്രതീക്ഷിച്ചിരുന്നു. ഒരിക്കൽ കൂടി പാർട്ടിയുടെ പൊതുമുന്നേറ്റത്തിനൊപ്പം കേരളം നിൽക്കാതിരുന്നതു കൂടി വിലയിരുത്തിയാകുമോ മന്ത്രിസഭയിലെ പരിഗണന എന്നു ശങ്കിക്കുന്നവരും ബിജെപിയിലുണ്ട്.