കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം നടത്തിയതിൻ്റെ പേരിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് നൽകിയ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് പേരാമ്പ്ര പോലീസ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമർശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ആക്രമണങ്ങളുമുയർന്നിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ തന്നെയാണ് ഷാഫിക്കെതിരെ അജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്