മൂന്നാര്‍: ദേവികുളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ സിപിഎം പണപിരിവ് തുടങ്ങി. എ രാജയ്ക്ക് ആവശ്യമായ തുക ദേവികുളം മണ്ഡലത്തിലെ റിസോര്‍ട്ട് ഉടമകള്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്ന് പിരിവ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ടിറങ്ങിയാണ് ഫണ്ട് പിരിക്കുന്നത്. റിസോര്‍ട്ട് ഉടമകളില്‍ നിന്ന് ലക്ഷങ്ങളും വ്യാപാരികളില്‍ നിന്ന് 2000 മുതല്‍ 10,000 രൂപ വരെയാണ് പിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എ രാജ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി വരുന്ന വെളളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പട്ടിക ജാതി സംവരണ സീറ്റില്‍ നിന്ന് മത്സരിച്ച് ജയിച്ച എ രാജ ക്രിസ്തീയ വിശ്വാസിയാണെന്ന് കാണിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് രാജയുടെ തിരഞ്ഞെടുപ്പ് ഫലം കോടതി റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് രാജാ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കുന്നതിന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.