തിരുവനന്തപുരം: കെ.എസ്.യുവിന്റെ വിവാദ ജംബോ പട്ടിക റദ്ദാക്കി. കെ.എസ്.യു പുനഃസംഘടനാ പട്ടിക സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പുതിയ പട്ടിക ഉടന്‍ പുറത്തുവരും. വിവാഹിതര്‍ക്കും പ്രായപരിധി പിന്നിട്ടവര്‍ക്കും ഇനി പട്ടികയില്‍ സ്ഥാനമുണ്ടാകില്ല. എന്നാല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവിയറിന് പ്രായപരിധിയില്‍ ഇളവുണ്ട്.
പുനഃസംഘടനാ പട്ടിക സംബന്ധിച്ച് നിരവധി പരതികളാണ് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ശൗര്യവീര്‍ സിങ് ഉത്തരവില്‍ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വേണ്ട പരിശോധനകള്‍ നടത്തിയെന്നും പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നുണ്ട്.
പുനഃസംഘടനാ പട്ടിക പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും കാരണമായിരുന്നു. സംസ്ഥാന നേതൃത്വം നല്കിയ പട്ടികയില്‍നിന്ന് വലിയ മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും കമ്മിറ്റിയില്‍ ഉള്പ്പെടുത്തേണ്ടതില്ലന്ന തീരുമാനം അവഗണിച്ച് ഭാരവാഹി പട്ടികയില്‍ വിവാഹിതരായ ഏഴ് പേരെയും പ്രായപരിധി പിന്നിട്ട അഞ്ച് പേരെയും ഉള്‍പ്പെടുത്തിയിരുന്നു.
വിവാദമുയര്‍ന്നതോടെ വി ടി ബല്‍റാമും അഡ്വ. ജയന്തും കെ.എസ്.യുവിന്റെ ചുമതല ഒഴിഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് കേന്ദ്രനേതൃത്വത്തിന് അതൃപ്തി അറിയിച്ച് കത്തും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശിയനേതൃത്വം പട്ടിക റദ്ധാക്കിയത്.