ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത തള്ളി പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങില്ലെന്നും സപ്ന വ്യക്തമാക്കി.
സപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ഹേമാ മാലിനിക്ക് എതിരായി മഥുരയില്‍ മത്സരിക്കുമെന്നും വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സപ്ന വിശദീകരണവുമായി രംഗത്ത് എത്തിയത്. പ്രിയങ്കാ ഗാന്ധിക്കൊപ്പം സ്പന നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നാണ് സപ്നയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിക്ക് ഒരുപോലെയാണെന്നും താനൊരു കലാകാരി മാത്രമാണെന്നും സപ്ന പറഞ്ഞു.