ആന്ധ്ര പ്രദേശ്: വൈ.എസ്.ആര് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗന്മോഹന് റെഡ്ഡിയെ കഞ്ചാവ് ചെടിയെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.
ജഗന്മോഹന് റെഡ്ഡിയുടെ ജന്മനാടായ കടപ്പ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയാണ് ചന്ദ്രബാബു നായിഡു ജഗനെ കടന്നാക്രമിച്ചത്. തുളസിചെടികള്‍ പോലെ പരിപാവനരായ നിരവധി പേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് കടപ്പയെന്ന് ചന്ദ്രബാബു നായിഡു പ്രസംഗത്തിനിടെ വ്യക്തമാക്കി. ‘ഈ തുളസി തോട്ടത്തില്‍ കഞ്ചാവ് ചെടിയും വളരുന്നുണ്ട്. അതാണ് ജഗന്മോഹന് റെഡ്ഡി’ – ചന്ദ്രബാബു നായിഡു പറഞ്ഞു.
ജഗന് കുറ്റകൃത്യങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ മറ്റൊരു വിശേഷണം. 31 കേസുകളുള്ള ഒരേ ഒരു രാഷ്ട്രീയ നേതാവ് ജഗന്മോഹന് റെഡ്ഡിയാണെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജഗന്മോഹന് റെഡ്ഡിയെ തൂത്തെറിയുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ജഗന്റെ അമ്മാവന് വൈ.എസ് വിവേകാനന്ദ റെഡ്ഡിയുടെ മരണവുമായി ബന്ധപ്പെട്ടും നായിഡു ജഗനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. സ്വന്തം അമ്മാവനെ കൊലചെയ്തവര്‍ എന്ത് ചെയ്യാനും മടിക്കില്ലെന്ന കാര്യം ജനങ്ങള്‍ ഓര്ക്കണെന്നും നായിഡു അന്ന് പറഞ്ഞിരുന്നു. ഒരു കുറ്റാന്വേഷണ നോവലിനെക്കാള്‍ ട്വിസ്റ്റുകള്‍ വൈ.എസ് വിവേകാന്ദ റെഡ്ഡിയുടെ കൊലപാതക കേസിനുണ്ടെന്നും ജഗന് അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും നായിഡു ആരോപിച്ചു. ആന്ധ്രയില്‍ 25 ലോക്സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 11നാണ് നടക്കുക.