മൂവാറ്റുപുഴ: പായിപ്രയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇടതു പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായതിന് പിന്നാലെ വൈസ് പ്രസിഡന്റിനെതിരേയും എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരിയും 16-ാം വാര്‍ഡ് അംഗവുമായ ഷോബി അനിലിനെതിരേയാണ് എല്‍ഡിഎഫ് നോട്ടീസ് നല്‍കിയത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നല്‍കിയത്.
നിലവില്‍ 11-11 എന്നതാണ് എല്‍ഡിഎഫ് – യുഡിഎഫ് കക്ഷിനില. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മുന്നണി ബന്ധം ഉപേക്ഷിച്ച മുസ്ളീം ലീഗിന്റെയും മൂന്ന് അംഗങ്ങളുടേയും നിലപാട് നിര്‍ണ്ണായകമാവും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റും ഒന്‍പതാം വാര്‍ഡ് അംഗവുമായ നിസമൈതീന്റെ വോട്ട് അസാധുവാവുകയും കോണ്‍ഗ്രസ് അംഗം പിഎം അസീസ് എല്‍ഡിഎഫില്‍ എത്തുകയും ചെയ്തതോടെയാണ് ലീഗ് മുന്നണി ബന്ധം ഉപേക്ഷിച്ചത്. അടുത്തിടെ നടന്ന കെപിസിസിയുടെ സമരാഗ്നിയിലും ലീഗ് നേതൃത്വവും അണികളും ഒരുപോലെ വിട്ടുനിന്നിരുന്നു.
കോണ്‍ഗ്രസ് – 9, മുസ്ലീം ലീഗ് – 3 എന്നിങ്ങനെ ആകെ 12 പേരായിരുന്നു യുഡിഎഫില്‍. സിപിഎം – 8 സിപിഐ – 2 എന്നിങ്ങനെ ആകെ – 10 പേരായിരുന്നു എല്‍ഡിഎഫില്‍. അസി ഇടതു പക്ഷത്തിനൊപ്പം എത്തിയതോടെ അംഗ സംഖ്യ 11-11 ആയി. വോട്ടെടുപ്പില്‍ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എല്‍ ഡി എഫ് ഭരണം പിടിക്കുകയായിരുന്നു. നിലവിലെ 11ല്‍ ലീഗ് അംഗങ്ങളുടെ ബഹിഷ്കരണം തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ അംഗബലം എട്ടായി ചുരുങ്ങും. ഫലത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമാവും.