ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവി അനില്‍ കെ ആന്റണി.
‘ബിജെപിയോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയുന്നു, ഇന്ത്യയെ മുന്‍വിധിയോടെ മാത്രം കാണുന്നതും, ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായ ജാക്ക് സ്ട്രോയുടെ പരാമര്‍ശവും ഉള്‍പ്പെടുത്തിയ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ചാനലായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും’- അനില്‍ കെ ആന്റണിയുടെ ട്വീറ്റ് ഇങ്ങനെ.
വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയുമായ അനില്‍ കെ ആന്റണിയുടെ പരാമര്‍ശം. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം, ബിബിസിയുടെ ‘ഇന്ത്യ- ദി മോഡി ക്വസ്റ്റിന്’ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് അഡ്വ. ഷിഹാബുദ്ദീന് കാര്യയത്ത് പറഞ്ഞിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഗുജറാത്ത് വംശഹത്യയില്‍ മോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്കാനാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീന് കാര്യയത്ത് പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നിരോധിച്ചാലും സത്യം കൂടുതല്‍ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമര്‍ത്താം.
എന്നാല്‍ സത്യത്തെ അടിച്ചമര്‍ത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.