പാലക്കാട്ടെ യുഡിഎഫിന്റെ വിജയം ഒന്നാന്തരം ടീം വര്‍ക്ക്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, രമേശ് ചെന്നിത്തല, പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന്, മുസ്ലീം ലീഗ് നേതാക്കള്‍ തുടങ്ങിയ നേതാക്കളെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. ഐക്യമുന്നണിയിലെ ഘടകകക്ഷികളും ഒറ്റക്കെട്ടായി രാഹുലിനു വേണ്ടി അധ്വാനിച്ചു. കോണ്‍ഗ്രസില്‍ തുടക്കത്തിലെ ഉയര്‍ന്ന അപസ്വരമൊക്കെ പെട്ടെന്നു തന്നെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായി.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നൊക്കെ പറഞ്ഞു നീരസം പ്രകടിപ്പിച്ചിരുന്ന കെ.മുരളീധരനെയൊക്കെ പ്രചാരണത്തിന് എത്തിക്കാന്‍ അവര്‍ക്കായി. മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തന്നെ പാലക്കാട് നഗരത്തില്‍ ഫ്ലാറ്റു വാങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ താമസം തുടങ്ങിയതും വോട്ടര്‍മാരെ സ്വാധീനിച്ചു കാണണം. ജയിക്കുമോ എന്ന് സംശയമുള്ളയാള്‍ അതിനു തുനിയില്ലല്ലോ എന്ന ട്രെന്ഡുണ്ടാക്കാന് ഈ നീക്കത്തിനും കഴിഞ്ഞു.
അഭൂതപൂര്‍വമായ വിജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ വിവാദങ്ങളും സന്ദീപ് വാര്യരുടെ വരവുമാവണം. പ്രത്യേകിച്ച് നീലപ്പെട്ടി വിവാദം. തിരഞ്ഞെടുപ്പില്‍ ചിലവാക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന കള്ളപ്പണമാണ് നീലനിറമുള്ള ട്രോളി ബാഗില്‍ എന്നായിരുന്നു സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ആരോപിച്ചത്. പക്ഷേ, അത് തിരിച്ചടിക്കുകയായിരുന്നു. ബി.ജെ.പിയുമായി പിണങ്ങി നിന്ന യുവനേതാവ് സന്ദീപ് വാര്യരെ ചാക്കിലാക്കാന്‍ നോക്കിയ സി.പി.എം ഒടുവില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ പോയപ്പോള്‍ കടന്നാക്രമിച്ചതും സാധാരണക്കാര്‍ക്ക് രസിച്ചിട്ടുണ്ടാവില്ല. പ്രത്യേകിച്ച് സുപ്രഭാതത്തിലും സിറാജിലും നല്കിയ ‘വിഷനാവ്’ പരസ്യം. അന്ന് സന്ദീപ് പറഞ്ഞു, സരിന്റെ ഏറ്റവും വലിയ തിരിച്ചടി അതായിരിക്കുമെന്ന്, പരസ്യം ബൂമറാങ്ങാവുമെന്ന്. അതുതന്നെ സംഭവിച്ചു. ‘സന്ദീപ് വാര്യര്‍ ഫാക്ടറി’ന് ലീഡ് വര്‍ധിച്ചതില്‍ വലിയ പങ്കുണ്ടെന്ന് കെ.മുരളീധരന് തന്നെ വ്യക്തമാക്കി. ഇതോടെ സന്ദീപിനും വിജയത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചു.