കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാര്‍ട്ടി അംഗങ്ങളുടെ കത്ത്. നൂറോളം നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ആണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് നൂറില്‍പരം നേതാക്കളുടെ കത്ത് സോണിയാ ഗാന്ധിക്ക് ലഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂട്ടായ നേതൃത്വം പാര്‍ട്ടിക്ക് വേണമെന്നാണ് പൊതുവായ ആവശ്യം. കത്തയച്ചവരില്‍ കേരളത്തില്‍ നിന്നുള്ള ശശിതരൂരും, പി ജെ കുര്യനും ഉള്‍പ്പെടും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. യോഗത്തില്‍ വിഷയം ചര്‍ച്ചാകും.
കത്തില്‍ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നു കത്തില്‍ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം. പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം, എ.കെ ആന്റണിയോ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ കോണ്‍ഗ്രസിന്റെ താത്കാലിക അധ്യക്ഷനായേക്കും എന്നാണ് വിവരം.