തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായും പ്രവര്‍ത്തനശൈലിയില്‍ സമഗ്രമായ അഴിച്ചു പണി നടത്താന്‍ സിപിഎമ്മില്‍ ധാരണ. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ നാല് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയുടെ താഴെത്തട്ട് മുതല്‍ നേതൃതലം വരെ സമഗ്രമായ ശൈലീമാറ്റത്തിനൊരുങ്ങാന് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സിപിഎമ്മിനേയും അതിന്റെ പ്രവര്‍ത്തകരേയും സജ്ജമാക്കുന്ന രീതിയിലാവും ഇനിയുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞു.