അടിയന്തിരാവസ്ഥ കാലത്തെ ജയില്‍ വാസത്തില്‍ കരുതലാകുകയും വര്‍ഷങ്ങള്‍ക്കിപ്പുറം പിറവം അസംബ്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ ‘ഈങ്ക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച് ആവേശമാകുകയും ചെയ്ത ഹെഡ് കോണ്‍സ്റ്റബിള്‍ ദാമോദരന്‍ നായരുടെ കരുതല്‍ ഓര്‍ത്തെടുത്ത് ഗോപി കോട്ടമുറിക്കല്‍.
കസ്റ്റഡിയിലായ എട്ടു പേര്‍ക്കൊപ്പം ജയിലില്‍ കഴിയവെ ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ ഉമ്മിനീര് ഇറക്കാന്‍ കഴിയാത്ത അവസ്ഥ. സെയ്തുമുഹമ്മദ് എസ്ഐയുടെ ക്രൂര പീഡനം. തൊണ്ടയ്ക്കകത്തു നിന്നും ചോര വന്നു തുടങ്ങി. എത്രയോ സമയം കഴിഞ്ഞാണ് അതു നിന്നത്. ഈ സമയം കരുതലായി വന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദാമോദരന്‍ നായരുമായുള്ള ഹൃദയ ബന്ധമാണ് ഗോപി കോട്ടമുറിക്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
”പൂട്ടിയ സെല്ലിന്റെ അഴികള്‍ക്കിടയിലൂടെ ചായ ഗ്ലാസ്സ് മെല്ലെ കയ്യിലെത്തിക്കുമ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ദാമോദരന്‍ നായര്‍ എന്നെ നോക്കി.! സ്വന്തം അച്ഛനെപ്പോലെ! എന്റെ വല്ല്യേട്ടനെപ്പോലെ! കാക്കിയുടുപ്പിനകത്തും ഇങ്ങനെ ഒരു ഹൃദയമുണ്ടോ!.
ആരായിരിക്കും ഈ മനുഷ്യന്?. എന്നോടിത്ര കരുണ കാണിക്കാനുള്ള ചേതോവികാരമെന്തായിരിക്കും? ചായ തുള്ളി തുള്ളിയായി ഊതി ഊതി കീഴോട്ടിറക്കുമ്പോഴെല്ലാം എന്റെ ചിന്ത ഇതൊന്നു മാത്രമായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഞങ്ങളെ ഹാജര്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ കടന്നുപോയി. അടിയന്തിരാവസ്ഥയുടെ നടക്കുന്ന ഓര്‍മ്മകളുമായി അനവധി ജൂണ്‍ മാസങ്ങള്‍ കടന്നു പോയി. പിന്നീടൊരിക്കല്‍ ഞാനാ മനുഷ്യനെ കണ്ടുമുട്ടി. പിറവം അസംബ്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സന്ദര്‍ഭം. തീപാറുന്ന പോരാട്ടം!. ഇരുമ്പനം കഴിഞ്ഞ് ആറേഴു സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് വാഹനം കടന്നു വരുമ്പോള്‍ വമ്പിച്ചൊരു ജനക്കൂട്ടത്തിനു നടുവില്‍ ചുവന്ന റോസാ പൂക്കള്‍ കൊണ്ടൊരു രക്തഹാരവുമായി ദാമോദരന്‍ നായര്‍ നില്ക്കുന്നു!.
വണ്ടിയില്‍ നിന്ന് ഞാനിറങ്ങി ഓടിച്ചെന്നാ വലിയ മനുഷ്യനെ കെട്ടിപ്പിടിച്ചു. അദ്ദേഹം മാല എന്റെ കഴുത്തിലിട്ടു. ‘ഈങ്ക്വിലാബ് സിന്ദാബാദ്’ ആ മുദ്രാവാക്യം ദാമോദരന്‍ നായരാണ് വിളിച്ചത്. പ്രിയപ്പെട്ട എന്റെ സഖാവ്!”. ഗോപി കോട്ടമുറിക്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഗോപി കോട്ടമുറിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അവിസ്മരണീയനായ സഖാവ്.
മഴ തോരാതെ പെയ്യുകയാണ്. ലോക്കപ്പിന്റെ ഭിത്തിയില്‍ ചാരി കാലുനീട്ടി തറയിലിരിക്കുമ്പോഴാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ദാമോദരന്‍ നായര്‍ എന്നെ തറപ്പിച്ചു നോക്കിയത്.
കൈകൊണ്ട് ഞാന്‍ ആംഗ്യം കാണിച്ചു. ‘കുടിയ്ക്കാന്‍ ! വെള്ളം ‘കൂമ്പന്‍ തൊപ്പിയും മുട്ടുവരെയുള്ള നിക്കറും കാക്കി സ്ലാക്, നിക്കറിനുള്ളില്‍ ഇന്‍സെര്‍ട്ട് ചെയ്ത് വീതി കൂടിയ ലെതറിന്റെ ബെല്‍റ്റും കെട്ടി നില്ക്കുന്ന ദാമോദരന്‍ നായര്‍ വെളുത്ത് സുമുഖനാണ്.
പോലീസ് സ്റ്റേഷനിലെ കൂജയില്‍ ഒരു തുള്ളി വെളളം പോലുമില്ല. ഉറങ്ങാതെയിരിക്കുന്നത് എന്നോടൊപ്പം കസ്റ്റഡിയിലായ എട്ടു പേരില്‍ ത്രീസ്റ്റാര്‍ ബീഡിക്കമ്പനിയിലെ കാസിം മാത്രം.
ഉമിനീരിറക്കാന്‍ എനിക്കാവുന്നില്ല.
സെയ്തുമുഹമ്മദ് എസ്ഐ എന്നെ പരിചയപ്പെട്ടതാണ്. എഴുന്നേല്‍പ്പിച്ചു സെല്ലിന്റെ കമ്പി വാതിലിനോട് ചേര്‍ത്തു നിര്‍ത്തി കൈയുടെ തള്ളവിരലും ചൂണ്ടാണി വിരലും കൊണ്ട് കഴുത്തിലൊരു ‘ക്ലിപ്പ്’. രണ്ടു വിരലും കഴുത്തിലാഴ്ത്തി പെട്ടെന്ന് ശക്തിയോടെ ഒറ്റവലി.
പൂട്ടിയിരിക്കുന്ന സെല്ലിന്റെ പുറത്ത് അയാള്‍ നിന്നാണ് കമ്പികള്‍ക്കിടയിലൂടെ പണി പറ്റിച്ചത്.
എന്തു ചെയ്യാം ! അടിയന്തിരാവസ്ഥ !.. അതും ജൂണിലെ മഴ തകര്‍ത്തു പെയ്യുന്ന ഇരുളിലാണ്ട ഒരു രാത്രി. പിന്നെ തൊണ്ടയ്ക്കകത്തു നിന്നും ചോര വരവായി.
എത്രയോ സമയം കഴിഞ്ഞാണ് അതു നിന്നത്.!
പിന്നെയാണ് ഉമിനീരിറിക്കാന് വല്ലാതെ പ്രയാസപ്പെട്ടത്.
മഴയുടെ ശക്തി നന്നായി കുറഞ്ഞു.
ദാമോദരന്‍ നായര്‍ ഉറങ്ങാന്‍ കിടന്നു കാണുമെന്നു ചിന്തിച്ചിരിയ്ക്കുമ്പോഴാണ് ഒരു കൈകൊണ്ട് കാലന്‍കുട മടക്കി തിണ്ണയില്‍ ചാരി മറുകൈയിലൊരു ചായയുമായി ദാമോദരന്‍ നായര്‍ കടന്നു വന്നത്.
പൂട്ടിയ സെല്ലിന്റെ അഴികള്‍ക്കിടയിലൂടെ ചായ ഗ്ലാസ്സ് മെല്ലെ കയ്യിലെത്തിക്കുമ്പോള്‍ ദാമോദരന്‍ നായര്‍ എന്നെ നോക്കി.! സ്വന്തം അച്ഛനെപ്പോലെ! എന്റെ വല്ല്യേട്ടനെപ്പോലെ! കാക്കിയുടുപ്പിനകത്തും ഇങ്ങനെ ഒരു ഹൃദയമുണ്ടോ!
ആരായിരിക്കും ഈ മനുഷ്യന്?
എന്നോടിത്ര കരുണ കാണിക്കാനുള്ള ചേതോവികാരമെന്തായിരിക്കും? ചായ തുള്ളി തുള്ളിയായി ഊതി ഊതി കീഴോട്ടിറക്കുമ്പോഴെല്ലാം എന്റെ ചിന്ത ഇതൊന്നു മാത്രമായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഞങ്ങളെ ഹാജര്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ കടന്നുപോയി.
അടിയന്തിരാവസ്ഥയുടെ നടക്കുന്ന ഓര്‍മ്മകളുമായി അനവധി ജൂണ്‍ മാസങ്ങള്‍ കടന്നു പോയി.
പിന്നീടൊരിക്കല്‍ ഞാനാ മനുഷ്യനെ കണ്ടുമുട്ടി.!
1987 ല്‍ പിറവം അസംബ്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സന്ദര്‍ഭം.
തീപാറുന്ന പോരാട്ടം.!
സ്ഥാനാര്‍ത്ഥി വാഹനത്തില്‍ സ്വീകരണങ്ങളേറ്റു വാങ്ങി പര്യടനം നടത്തുന്ന ദിവസങ്ങളിലൊന്ന്.
ഇരുമ്പനം കഴിഞ്ഞ് ആറേഴു സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് വാഹനം കടന്നു വരുമ്പോള്‍ വമ്പിച്ചൊരു ജനക്കൂട്ടത്തിനു നടുവില്‍ ചുവന്ന റോസാപൂക്കള്‍ കൊണ്ടൊരു രക്തഹാരവുമായി ദാമോദരന്‍ നായര്‍ നില്ക്കുന്നു.!
വണ്ടിയില്‍ നിന്ന് ഞാനിറങ്ങി ഓടിച്ചെന്നാ വലിയ മനുഷ്യനെ കെട്ടിപ്പിടിച്ചു. അദ്ദേഹം മാല എന്റെ കഴുത്തിലിട്ടു. ‘ഈങ്ക്വിലാബ് സിന്ദാബാദ്’ ആ മുദ്രാവാക്യം ദാമോദരന്‍ നായരാണ് വിളിച്ചത്.
പ്രിയപ്പെട്ട എന്റെ സഖാവ്.!