ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി പി.സി ജോര്‍ജ്. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലാണ് മുന്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജാണ് പി.സി ജോര്‍ജിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്നും ഹര്‍ജിയില്‍ പിസി ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ കീഴടങ്ങല്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, പി.സി ജോര്‍ജിന് വേണ്ടി വീട്ടിലും മറ്റും തെരഞ്ഞുവെങ്കിലും കണ്ടെത്താല്‍ സാധിച്ചിട്ടില്ലെന്ന് സി എച്ച് നാഗ രാജു പറഞ്ഞു. പി.സി ജോര്‍ജ് ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.