മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. എന്‍സിപി കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്നും എന്‍സിപിയില്‍ ചേരുന്നതില്‍ തെറ്റില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. അധികാരസ്ഥാനങ്ങള്‍ മോഹിച്ചല്ല പോകുന്നത്. രാഷ്ട്രീയത്തില്‍ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എന്‍സിപിയിലേക്ക് പോകുന്നത്.
വി.ഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നത് നേട്ടമുണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണണം. വി.എം സുധീരന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജിവച്ച് ഒഴിയേണ്ടി വന്നത് ഗ്രൂപ്പുകളുടെ സമ്മര്‍ദം കൊണ്ടാണെന്ന് മറക്കരുതെന്നും ലതിക സുഭാഷ് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. ഇതില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.