തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍ ക്യാമ്പസ് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.
നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ, ഡിജിറ്റല്‍ പ്രൈവസി തുടങ്ങിയ നൂതന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംശയനിവാരണം നടത്തി. തന്റെ ഇഷ്ട വിഷയങ്ങളില്‍ പുതുതലമുറയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനുള്ള അവസരം ലഭിച്ചത് ആവേശകരമായ അനുഭവമാണെന്ന് അദ്ദേഹം അറിയിച്ചു.
എഐയുടെ ഭാവി, സ്വകാര്യതാ ദുരുപയോഗം, അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്കി. ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിലെ ആശങ്കയും വിദ്യാര്‍ത്ഥികള്‍ മന്ത്രിയുമായി പങ്കുവച്ചു.
വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് 10 അടല്‍ ടിങ്കറിംഗ് ലാബുകള്‍ അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. താന്‍ ജയിച്ചാല്‍ തിരുവനന്തപുരത്തെ ഒരു ശാസ്ത്ര, സാങ്കേതികവിദ്യാ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനകം എല്ലാ സ്കൂളുകളിലും നൈപുണ്യ വികസന കേന്ദ്രം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ബി.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ജയമോഹന്, ഇലക്ട്രോണികസ് വിഭാഗം മേധാവി ഡോ. സുമ ശേഖര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.