തിരുവനന്തപുരം: മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആരായാലും നിയമത്തിന് മുന്നില്‍ വരേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തുമ്മിയാല്‍ മൂക്ക് തെറിക്കണമെന്ന് ഞങ്ങളാരോടും പറഞ്ഞിട്ടില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. അതിപ്പോള്‍ ഭര്‍ത്താവായാലും മരുകനായാലും അമ്മായിയപ്പനായാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍, അനധികൃതമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലന്നും സുരേന്ദ്രന് പറഞ്ഞു.
അഴിമതി നടത്തിയിട്ടില്ലെങ്കില്‍ ആരും തുമ്മാനും പോകുന്നില്ല ആരുടെയും മൂക്ക് തെറിക്കാനും പോകുന്നില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ആര് ശ്രമിച്ചാലും മൂക്ക് തെറിക്കാതിരിക്കുകയുമില്ല. എല്ലാവരും നിയമത്തിന് അധീനരാണ് എന്നകാര്യം എല്ലാവരും ഓര്‍ത്തിരുന്നാല്‍ നല്ലത്.
കേരളത്തിലെ സഹകരണ മേഖലയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ അഴിമതി നടക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഇവരുടെ ഇപ്പോഴത്തെ ഐക്യമെന്നും സുരേന്ദ്രന് ആരോപിച്ചു. പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അടക്കമുള്ളവരും വാങ്ങിയിട്ടുണ്ട്. അഴിമതി നടത്തിയവരുടെ വേവലാതിയാണ് ഐക്യപ്പെടലിന് കാരണം. ഈ അഴിമതിക്കാര്‍ക്കെതിരെ ആണ് എന്‍ഡിഎയുടെ പോരാട്ടം.
കള്ളന്മാരെല്ലാം വിചാരിക്കുന്നത് വട്ടത്തില്‍ കൂടിനിന്നാല്‍ രക്ഷപ്പെടാമെന്നാണ്. കള്ളന്മാരുടെ മനസ്ഥിതി അങ്ങനെയാണ്. ആര് എവിടെയൊക്കെ പോയി ആരെ കണ്ടാലും എന്തൊക്കെ ചെയ്താലും അഴിമതിക്കാര്‍ കുടുങ്ങുമെന്നും സുരേന്ദ്രന് പറഞ്ഞു.