കോഴിക്കോട്: ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ 100 സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭരണം കിട്ടാന്‍ മുന്നണി മാറണമെന്ന ആലോചന ലീഗിലില്ലെന്നും സലാം പറഞ്ഞു. ഭരണം കിട്ടാന്‍ കഴിയുന്ന മുന്നണി എന്ന ചര്‍ച്ചക്ക് പ്രസക്തി തീരെയില്ല. കേരള ജനത എല്‍ഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്.
ആണാണ് മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ ഭരിക്കണമെന്ന് സ്റ്റാലിന് തീരുമാനിക്കുന്നു. പെണ്ണാണ് മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ വേണമെന്ന് മമത ബാനര്‍ജി കാണിച്ചുതന്നു. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളതെന്നും സലാം പറഞ്ഞു. ലീഗില്‍ വനിതകള്‍ക്ക് ഭാവിയില്‍ ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ലെന്നും സലാം പറഞ്ഞു. മുനീര്‍-ഷാജി പക്ഷം ലീഗിലില്ല. സാദിഖലി പക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. യുഡിഎഫിനെ മെച്ചപ്പെടുത്തണമെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിനെ മാത്രം പഴിചാരിയിട്ട് കാര്യമില്ല. മുസ്ലിം ലീഗ് മാത്രമല്ല, മറ്റു ഘടക കക്ഷികളും അവരുടെ സംഘടന സംവിധാനം മെച്ചപ്പെടുത്തണമെന്നും സലാം പറഞ്ഞു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ തമിഴ്നാട് മുഖ്യമന്ത്രി പിന്‍വലിച്ചു. പശ്ചിമ ബംഗാളിലും അതുപോലെ തന്നെയാണെന്നും സലാം പറഞ്ഞു