ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള തന്റെ പ്രചരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി പിസി ജോര്‍ജ്ജ് അറിയിച്ചു. ഒരുകൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
ഇനി ഈരാറ്റുപേട്ടയില്‍ പര്യടന പ്രചരണ പരിപാടികള്‍ നടത്തി അതിനുള്ള സാഹചര്യം സൃഷ്ടിക്കില്ല. എന്നും ഈ നാട്ടില്‍ സമാധാനം നിലനില്ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ പ്രചരണ പ്രവര്‍ത്തനത്തിനിടെ പിസി ജോര്‍ജും നാട്ടുകാരം തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. പിസി ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ് കൂവിയവരെ അസഭ്യം പറയുകയായിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ പിസി ജോര്‍ജ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തീക്കോയി പഞ്ചായത്തിലെ തേവര് പാറയില്‍ വാഹന പര്യടനം നടത്തുന്നതിനിടെയായിരുന്നു പിസി ജോര്‍ജിനെതിരെ പ്രതിഷേധം ഉണ്ടായത്. സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തെ ചിലര്‍ കൂക്കിവിളിക്കുകയായിരുന്നു. കൂക്കി വിളിച്ചവര്‍ക്കെതിരെ പിസി ജോര്‍ജ് ഭീഷണി ഉയര്‍ത്തി, സൗകര്യമുണ്ടെങ്കില്‍ തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.