ദില്ലി: രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അൽപ്പസമയത്തിനകം തീരുമാനം എടുക്കും എന്നാണ് പുറത്തുവരുന്ന വിവരം. എഐസിസി നേതൃത്വത്തിന്റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.
കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുലിന് സോണിയ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡിലും തിരക്കിട്ട ആലോചനകൾ നടക്കുന്നതായാണ് വിവരം. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് എഐസിസി പ്രത്യേക വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. എഐസിസിസി വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് മാധ്യമങ്ങളെ കാണുന്നത്. ഈ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്.