തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എന്ന നിലയ്ക്ക് എന്തുമാറ്റം വേണമെങ്കിലും അദ്ദേഹത്തിന് വരുത്താം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നനിലയ്ക്ക് വിടുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.
തരൂരിന്റെ അഭിപ്രായം കെ.പി.സി.സി നോക്കേണ്ട കാര്യമല്ല. അദ്ദേഹംതന്നെ തിരുത്തിക്കോട്ടേ എന്നതാണ് അഭിപ്രായമെന്ന് കെ. സുധാകരൻ പറഞ്ഞു. പാർട്ടി വേദിയിലായിരുന്നു യഥാർത്ഥത്തിൽ ശശി തരൂർ ഇക്കാര്യം പറയേണ്ടിയിരുന്നത്. ശശി തരൂരിനെപ്പോലൊരാൾ ഇപ്പോൾ ചെയ്തത് യുക്തമല്ല എന്നാണ് അഭിപ്രായം. മാധ്യമത്തിലൂടെ ശശി തരൂർ പരസ്യമായി പ്രതികരിച്ചത് ശരിയല്ല. അദ്ദേഹത്തെ എല്ലാക്കാലത്തും വളരെ പിന്തുണച്ച ഒരാളാണ് താൻ. ഇപ്പോഴും അങ്ങനെത്തന്നെയാണ്. ശശി തരൂർ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
“ഇക്കാര്യം പറയാൻ അദ്ദേഹത്തെ നാലുതവണ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. ശശി തരൂർ കോൺഗ്രസ് വിട്ടുപോകുമെന്നൊന്നും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതെല്ലാം കോൺഗ്രസിന് കരുത്തുപകരാൻ സാധിക്കുന്ന പ്രവർത്തനത്തിന് വഴിമരുന്നിടാൻവേണ്ടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കോൺഗ്രസിന് നല്ലൊരു നേതാവില്ലായിരിക്കാം. എന്റെ നേതൃത്വത്തിന്റെ ശേഷി വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലൊരാൾതന്നെയാണ്. തരൂരിന് അങ്ങനെ തോന്നിയെങ്കിൽ എനിക്കതിൽ പരാതി തോന്നിയിട്ട് കാര്യമില്ലല്ലോ. ഞാൻ നന്നാകാൻ നോക്കാം.” സുധാകരൻ പറഞ്ഞു.
അഭിമുഖം പുറത്തുവരുന്നതിന് മുൻപ് സി.പി.എമ്മും തരൂരും തമ്മിൽ ബോധപൂർവും ഒരു കളമുണ്ടാക്കിയെന്ന് പറയാനാവില്ല. അഭിപ്രായം പറഞ്ഞതിനകത്ത് കുടുക്കിൽപ്പെട്ടതാകാമെന്നാണ് തോന്നുന്നത്. ശശി തരൂരിന് തിരുത്താമെന്നും അതിന് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം സിപിഎമ്മിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.