കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനുവരി 29 ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളില്‍ വെച്ച് കാരുണ്യദിനാചരണം സംഘടിപ്പിക്കുന്നതാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനംഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഓരോ സ്ഥാപനത്തിലും താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നല്‍കും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സാമുദായിക നേതാക്കളെയും ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. ഇതോടനുബന്ധിച്ച് കെ.എം മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.
മുന്‍വര്‍ഷങ്ങളില്‍ ആയിരത്തോടളം കേന്ദ്രങ്ങളില്‍ കാരുണ്യദിനം സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം കൂടുതല്‍ കേന്ദ്രങ്ങളില്‍ കാരുണ്യദിനാചരണം സംഘടിപ്പിക്കുവാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലയിലും ഓരു സ്ഥാപനത്തില്‍വെച്ച് ജില്ലാതല ഉദ്ഘാടനം നടത്തുന്നതാണ്. കാരുണ്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ കൊച്ചിടപ്പാടി പൈകട ആതുരാലയത്തില്‍ പാലാ രൂപത സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിക്കും.