സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിഎസ് നഷ്ടപരിഹാരം നല്‍കണമെന്ന വിചാരണ കോടതി ഉത്തരവിന് സ്റ്റേ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിഎസിന്റെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കീഴ്ക്കോടതി വിധി.
സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും 2013 ജൂലായ് 6ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വിഎസ് അച്ചുതാനന്ദന് പറഞ്ഞതിനെതിരായിരുന്നു കേസ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പത്തു ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്.
വിഎസിനെ അനുകൂലിക്കുന്നവരെയും വിധി പ്രതിരോധത്തിലാക്കിയിരുന്നു. അസുഖബാധിതനായതിനാല്‍ വിഎസിന് കോടതിയില്‍ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാന്‍ കഴിഞ്ഞിരുന്നില്ല. അഭിമുഖത്തിന്റെ ശരിപ്പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞില്ല.
വി.എസിന് വേണ്ടി കേസുകള്‍ വാദിക്കുന്ന ചെറുന്നിയൂര്‍ ശശിധരന് നായരാണ് കേസില്‍ ഹാജരായത്. 2014ലാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് കോടതി വിധിയുണ്ടായത്.