കണ്ണൂര്‍: ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് ട്രെയിനില്‍ സുഖയാത്ര ഒരുക്കി ആഭ്യന്തരവകുപ്പ് . വിയ്യൂരില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കയ്യാമം പോലും വെക്കാതെ കൊണ്ടുപോകുന്നതിന്റെ പ്രസ്തുത ദൃശ്യങ്ങൾ കെ.കെ രമ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.
ടി.പി. ചന്ദ്രശേഖന് വധക്കേസിലെ പ്രധാന പ്രതി കൊടി സുനിയേയും ഒപ്പം മറ്റൊരു പ്രതി എം.സി. അനൂപിനേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യമാണ് വീഡിയോയില്‍. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ ഇല്ലാതെയാണ് ഇവരുടെ യാത്ര.
കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാന്‍ കയറൂരി വിടുകയാണ് ഭരണകൂടമെന്ന് കെകെ രമ ഫെയ്സ്ബുക്കില്‍ കുറിച്ചു. ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന നാണംകെട്ട ആഭ്യന്തരവകുപ്പാണെന്നും രമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കിവരുന്ന വി.ഐ.പി പരിഗണനകള്‍ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്.
ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പര്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
ഇയാള്‍ പരോളില്‍ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആര്? പരോളില്‍ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസില്‍ എഫ്.ഐ.ആര് ഇട്ടിട്ടും ഇയാള്‍ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?
കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാന്‍ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയില്‍ ഇളവു നല്കി വിട്ടയക്കാന്‍ പോലും മുതിര്‍ന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.