മൂവാറ്റുപുഴ: യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയില്‍ പൊട്ടിത്തെറി. യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍ പ്രമീള ഗിരീഷ്കുമാര്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്കി. നഗരകാര്യ റീജനല്‍ ജോയിന്റ് ഡയറക്ടറുടെ കാക്കനാട്ട് ഓഫീസിലെത്തിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടിസ് നല്‍കിയത്. ഇന്നലെ നോട്ടീസ് നല്കാന് ശമിച്ചെങ്കിലും അദ്ദേഹം തിരുവനന്തപുരത്തായിരുന്നതിനാല്‍ സാധിച്ചില്ല.
കോണ്‍ഗ്രസിലെ പടലപിണക്കം തുറന്നപോരിലെത്തിയതോടെയാണ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രാജശ്രീ രാജുവിനെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയത്. കാവുംപടി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച് ജയിച്ച രാജശ്രീക്കായിരുന്നു ചെയര്മാന് സ്ഥാനം. നിലവില്‍ നെജില ഷാജി (സിപിഎം), മീരാകൃഷ്ണന്‍ (സിപിഐ) എന്നിവരാണ് ക്ഷേമകാര്യ സ്ഥിരം സമിതിയിലെ നാലംഗങ്ങളില്‍ രണ്ടു പേര്. കോണ്ഗ്രസിവല് നിന്നും പ്രമീള ഗിരീഷ് കുമാര്‍ , ബിന്ദു ജയന്, എന്നിവരും അംഗങ്ങളാണ്.
ബിജെപി പിന്തുണയോടെ വിജയിച്ച രാജശ്രീ രാജുവിനെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി തുടരാന്‍ യുഡിഎഫ് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസം കൊണ്ടുവരുന്നത്. ബിജെപി പിന്തുണയോടെ വിജയിച്ച വനിത കൗണ്‍സിലറെ കോണ്‍ഗ്രസ് പിന്തുണയോടെ വിജയിപ്പിച്ചതിനെതിരെ തുടക്കം മുതല്‍ പ്രമീള ഗിരീഷ്കുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നഗരസഭ കെട്ടിടങ്ങളുടെ വാടക വര്‍ധനയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഭരണസമിതിയില്‍ ഉണ്ടായിട്ടുള്ള തര്‍ക്കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രമീള ഗിരീഷ്കുമാറിന്റെ നീക്കം.
പതിറ്റാണ്ടുകള്‍ക്കു ശേഷം എല്‍ഡിഎഫിനെ പരാജയപ്പെടുത്തി യുഡിഎഫ് ഭരണം പിടിച്ചെടുത്ത നഗരസഭയില്‍ യുഡിഎഫിന്റെ വൈസ് ചെയര്‍പഴ്സനായി പ്രമീള ഗിരീഷ്കുമാറിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം പ്രമീളയെ ഒഴിവാക്കുകയായിരുന്നു. ഇതിലുള്ള അമര്‍ഷം പലവട്ടം പ്രമീള വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വാടക വര്‍ധനയുമായി ബന്ധപ്പെട്ട് വോട്ടെടുപ്പു നടന്നപ്പോള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പ്രമീള ഗിരീഷ് കുമാര്‍ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാടക വര്‍ധന സംബന്ധിച്ചുള്ള തീരുമാനം പാസായത്. ഇതിനു പിന്നാലെ വ്യാപാരികളുടെ നേതൃത്വത്തില്‍ സമരം ശക്തപ്പെടുകയും നഗരസഭയ്ക്കു തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോകുകയും ചെയ്യേണ്ടി വന്നതിനു പിന്നാലെയാണ് പ്രമീള ഗിരീഷ് കുമാര്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ടു പോകുന്നത്.