മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ.ടി. ജലീല്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നയാളാണെന്ന് സ്വപ്ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കെ.ടി. ജലീലിന് താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കെ.ടി ജലീലിനെതിരെ ആര് ശബ്ദമുയര്‍ത്തിയാലും ഏത് നിലവരെ താഴ്ന്നും അയാളെയും കുടുംബത്തെയും തകര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കും എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
‘കെ.ടി. ജലീലും കോണ്‍സുല്‍ ജനറലുമായുള്ള ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റിനെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും അറിയിച്ചു കഴിഞ്ഞു. പൊലീസിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാര്യങ്ങളൊക്കെ ആര്‍ക്കെതിരെയും ചെയ്യാനാവുമെന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തിന് ആര്‍ക്കെതിരെയും ചെയ്യാന്‍ കഴിയും. അറബ് രാജ്യങ്ങളെയും ഭരണാധികാരികളെയും സുഖിപ്പിക്കാനാണ് ജലീലിന്റെ ശ്രമം.”- കെടി ജലീല്‍ പറഞ്ഞു.
”കെ.ടി. ജലീലിന് ഞാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ജലീലിനെതിരായ തെളിവുകള്‍ നേരത്തെ തന്നെ ഇ.ഡിക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.ടി ജലീലുമെല്ലാം പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി രഹസ്യ കൂടിക്കാഴ്ചയാണ് കോണ്‍സുല്‍ ജനറലുമായി കെ.ടി. ജലീല്‍ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകള്‍ ഞാന്‍ ശേഖരിക്കുന്നുണ്ട്. ഇ-മെയിലും ആശയ വിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകളില്‍ നശിപ്പിക്കപ്പെട്ടു. എന്‍.ഐ.എ എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തു. അവര്‍ ഒരുപാട് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എന്‍ഫോഴ്സ്മെന്റിന് കൈമാറിയിട്ടുണ്ട്. ‘- സ്വപ്ന സുരേഷ് വ്യക്തമാക്കി.
”കാന്തപുരം അബൂബക്കറും പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലിന്റെ തെളിവുണ്ട്. മുഖ്യമന്ത്രി, കെ.ടി ജലീല്‍, ശിവശങ്കര്‍, കടകംപള്ളി സുരേന്ദ്രന്, കാന്തപുരം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ വി.വി.ഐ.പി സംഘം മര്‍ക്കസിന്റെ ശൈഖ് സായിദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സിനു വേണ്ടി എത്തുമെന്ന് മര്‍ക്കസ് ഞങ്ങളെ അറിയിച്ചു. റെഡ് ക്രസന്റിന്റെ ഔദ്യോഗിക സംഘമാണെന്നാണ് അവര്‍ പറഞ്ഞത്. വിദേശകാര്യ മന്ത്രാലയം അറിയാതെയായിരുന്നു ഇത്. അവിടത്തെ നമ്മുടെ കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്കേസ് തിരുവനന്തപുരത്തെത്തിച്ചു. അവിടെ നിന്ന് കാന്തപുരത്തിനു വേണ്ടി സ്യൂട്ട്കേസ് കോഴിക്കോട്ടെത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്കോര്‍ട്ടിനു വേണ്ടി പൊലീസ് എ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.”- സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.