കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച വിഡി സതീശന് അഭിന്ദനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. കഠിനാദ്ധ്വാനം ചെയ്യാം, ജനങ്ങള്‍ക്കൊപ്പം നില്ക്കാം, പുതു തലമുറ വഴി വിളക്കുകളാകണമെന്നാണ് ഷാഫി പറമ്പില്‍ വിഡി സതീശന് ആശംസ നല്‍കിയുള്ള ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്. മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം, ആഴത്തിലുള്ള പഠനം, ആത്മാര്‍ത്ഥമായ ഇടപെടല്‍, ജനകീയനായ ജനപ്രതിനിധിയെന്നാണ് വിടി ബല്‍റാം വിഡി സതീശനെ വിശേഷിപ്പിച്ചത്. എല്ലാ പിന്തുണയും എന്നാണ് ടി സിദ്ദിഖ് വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കുറിച്ചത്. സമരസപ്പെടലുകള്‍ ഇല്ലാതെ സമരസമര സാഗരം തീര്‍ക്കാന്‍ വിഡി സതീശനെന്നാണ് യുവ കോണ്‍ഗ്രസ് നേതാവ് വിഎസ് ജോയ് കുറിച്ചത്.
രമേശ് ചെന്നിത്തലയ്ക്ക് പകരം വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലിന്റെ നിലപാടും വിഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷ പിന്തുണയറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.
പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന രാഹുലിന്റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചുവെന്നാണ് സൂചന. അവസാന നിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്.
ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇടതു മുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.