മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് സതീശൻ്റെ വൺമാൻഷോ , ഹൈക്കമാന്റിനെ നോക്കുകുത്തിയാക്കി കേരളത്തിൽ ഇലക്ഷൻ സർവ്വേയും, പരാതിയുമായി എംഎൽഎമാർ, സതീശൻ താക്കീതുമായി ഹൈക്കമാൻഡ്,
’63 മണ്ഡലങ്ങൾ സതീശൻ ഒറ്റക്ക് എങ്ങനെ തീരുമാനിച്ചെന്നും നേതൃത്വം
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ വൺമാൻഷോ അതിരുകടന്നതോടെ കടുത്ത താക്കീതുമായി കോൺഗ്രസ് ദേശീയ നേതൃത്വം. ഏറ്റവും ഒടുവിലായി മണ്ഡലങ്ങളില്‍ രഹസ്യസര്‍വേ നടത്തിയെന്ന ആരോപണമാണ്
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തിക്ക് കാരണം. കെപിസിസിയുടെയും യുഡിഎഫിനെയും ഹൈജാക്ക് ചെയ്ത് സതീശൻ ദേശീയ നേതൃത്വത്തിന്റെ പോലും തീരുമാനങ്ങൾ സ്വയം പ്രഖ്യാപിച്ചു തുടങ്ങിയതോടെയാണ് കർശന താക്കീതുമായി ദേശീയ നേതൃത്വം രംഗത്തുവന്നത്.
സതീശന്റെ രഹസ്യസര്‍വേയെക്കുറിച്ച് വിവരം ലഭിച്ച എ.ഐ.സി.സി. വിഷത്തില്‍ ഇടപെട്ടെങ്കിലും സര്‍വേ നടത്തിയിട്ടില്ലെന്നാണ് സതീശന്റെ ക്യാമ്പ് വിശദീകരിക്കുന്നത്.
ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സതീശന്‍പക്ഷം വ്യക്തമാക്കുന്നത്.
സതീശന്റെ വിശ്വസ്തയായ കൊച്ചിയിലെ അഭിഭാഷകയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ മൂന്ന് സോണുകളായി തിരിച്ചാണ് സർവ്വേകൾ ആരംഭിച്ചത്. ഏജൻസികൾ നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 63 മണ്ഡലങ്ങളുമായി സതീശൻ രാഷ്ട്രീയകാര്യ സമിതിക്ക് എത്തിയത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അടക്കം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ആരും അറിയാതെയായിരുന്നു സർവ്വേ നടപടികളുമായി സതീഷൻ കളം പിടിച്ചത്. പ്രത്യേക മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കാൻ എംഎൽഎമാരെ മണ്ഡലം മാറ്റിയുള്ള പുതിയ ഫോർമുല തയ്യാറാക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയായിരുന്നു സർവ്വേ നടപടികൾ പുരോഗമിച്ചത്. ലക്ഷങ്ങൾ മുടക്കി വിവിധ ഏജൻസികളെ കൊണ്ട് തയ്യാറാക്കിയ സർവ്വേയുടെ ആദ്യ കണ്ടെത്തലുകൾ ‘വി ഡി സതീശന്റെ കൈവശം എത്തി. ഇതോടെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളുമായി സതീശൻ രംഗത്ത് വന്നത്. അപകടം മണത്ത രമേശ് മുരളി അനുകൂലികളും എ വിഭാഗവും സടകുടഞ്ഞ് എണീറ്റു. സർവ്വേയുടെ കൂടുതൽ വിവരങ്ങൾ ഹൈക്കമാൻ്റിന് മുന്നിൽ എത്തിക്കുകയും ചെയ്തു. മുന്നണിയിൽ ചർച്ച ചെയ്യാതെ ഘടകകക്ഷികളുടെ മണ്ഡലങ്ങളിൽ പ്രത്യേകിച്ചും ലീഗ് മണ്ഡലങ്ങളിൽ സതീശൻ നടത്തിയ സർവ്വേ ക്കെതിരെ ലീഗ് നേതൃത്വം രംഗത്ത് വന്നു കഴിഞ്ഞു. വിഷയത്തിൽ കൂടുതൽ ഘടകകക്ഷികൾ മുന്നണി യോഗത്തിൽ എതിർപ്പുമായി വരുവാനുള്ള സാധ്യതകളും തള്ളിക്കളയാൻ ആവില്ല.
കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വി.ഡി.സതീശന് പറഞ്ഞ 63 നിയമസഭാ സീറ്റുകളാണ് കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതിന് പുറമേ പുറമേ മറ്റ് 42 സീറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ 63 സീറ്റുകളില്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്നായിരുന്നു സതീശന്റെ നിര്‍ദേശം. ആ സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും അവിടുത്തെ സോഷ്യല്‍ എന്‍ജിനീയറിങ് ശക്തമാക്കണമെന്നും സതീശന് വിശദീകരിച്ചിരുന്നു.
സാധാരണനിലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പിനും മുന്നോടിയായി കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഇത്തരത്തില്‍ സര്‍വേ നടത്തുന്നത്. സര്‍വേ നടത്തി വിജയസാധ്യയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം വിജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. അതിന് ശേഷം അവിടം കേന്ദ്രീകരിച്ചാണ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഇതോടെ പ്രസംഗത്തില്‍ ഇടപെട്ട് എ.ഐ.സി.സി. അംഗം എ.പി.അനില്‍കുമാര്‍ സംസാരിക്കുകയായിരുന്നു. 63 മണ്ഡലങ്ങള്‍ സതീശന് ഒറ്റക്ക് എങ്ങനെ തീരുമാനിച്ചു എന്നായിരുന്നു അനില്‍ കുമാറിന്റെ ചോദ്യം. അതോടൊപ്പം വിഷയത്തിലുള്ള അൃപ്തിയും അവര്‍ അറിയിച്ചു. അതോടെ സതീശന് പ്രസംഗം അവസാനിപ്പിച്ചു. പ്രസംഗം പൂര്‍ത്തീകരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
ഇതോടെയാണ് വി.ഡി. സതീശന്റെ ഭാഗത്ത് നിന്ന് ഒരു സമാന്തര സര്‍വേ ഉണ്ടായി എന്ന ആരോപണം ഉയര്‍ന്നത്. സതീശന് സര്‍വേ നടത്തുന്നു എന്ന വിവരം ദേശീയ നേതൃത്വത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ എ.ഐ.സി.സി. ഇടപെട്ടത്. എന്നാല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വ്യക്തമാക്കിയതെന്നുമാണ് സതീശന് ക്യാമ്പ് വിശദീകരിക്കുന്നത്.