നിലയ്ക്കല്‍: ശബരിമലക്ക് പോകാന്‍ നിലക്കലെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും എസ്.പി എസ്.പി യതീഷ് ചന്ദ്രയും കൊമ്പുകോര്‍ത്തു. സന്നിധാനത്തേക്ക് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് മന്ത്രി ചോദ്യം ചെയ്തതോടെയാണ് മന്ത്രിയും എസ്പിയും തമ്മില്‍ തര്‍ക്കമായത്. പമ്പയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് പോകുന്നുണ്ടല്ലോ അതുപോലെ എല്ലാ വാഹനങ്ങളെയും കടത്തിവിടണമെന്ന് മന്ത്രി പൊന്രാധാകൃഷ്ണന് പറഞ്ഞു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ഗതാഗത തടസം ഉണ്ടാവുമെന്നും കെ.എസ്.ആര്.ടി.സി ബസുകള്‍ അവിടെ പാര്‍ക്ക് ചെയ്യാതെ മടങ്ങിവരുകയാണെന്നും എസ്.പി മന്ത്രിയെ അറിയിച്ചു.
പൊലീസ് ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നായി മന്ത്രി. എന്നാല്‍ വാഹനങ്ങള്‍ കടത്തിവിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏറ്രെടുക്കുമോ എന്നായി എസ്.പി. വാഗ്വാദങ്ങള്ക്കിടയില് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി എസ്.പിയെ അറിയിച്ചു.
ഇതിനിടെ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും എസ്.പിയും തമ്മിലും തര്‍ക്കമായി. മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് രാധാകൃഷ്ണന് ചോദിച്ചതൊടെ മന്ത്രി ഉത്തരവിട്ടാല്‍ താന്‍ വാഹനങ്ങള്‍ കടത്തിവിടാമെന്നായിരുന്നു എസ്.പിയുടെ മറുപടി. അത്തരത്തിലുള്ള അധികാരം തനിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി ബസിലാണ് പമ്പയിലേക്ക് യാത്ര തുടര്‍ന്നത്.