ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ഫേസ്മാസ്ക്കിലൂടെയാണ് ഓക്സിജന്‍ നല്‍കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജൂലൈ നാലു മുതല്‍ ആണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്. ശനിയാഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഡോ. ആര് കെ ധിമാന്റെ നേതൃത്വത്തില്‍ പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കല്യാണ്‍സിങിനെ ചികില്സിക്കുന്നത്.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രാജസ്ഥാന് മുന്‍ ഗവര്‍ണര്‍ കൂടിയായ കല്യാണ്‍ സിങിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.