ഇ.ഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡീന്‍ കുര്യാക്കോസിന് പൊലീസ് മര്‍ദനമേല്‍ക്കുകയും ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.
പ്രവര്‍ത്തകരെ പൊലീസ് തടയുകയും നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാനമുള്ള ശ്രമങ്ങള്‍ നടത്തി.
രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ നീട്ടികൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സമരം ശക്തമാക്കി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഒരു ദിവസം കൊണ്ട് തീരേണ്ട രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ഇഡി നീട്ടികൊണ്ട് പോകുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്നലെ 13 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. നാല് ദിവസത്തിനിടെ 40 മണിക്കൂറിലധികം ചോദ്യം ചെയ്തു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സോണിയാ ഗാന്ധിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ എഐസിസി ആസ്ഥാനത്തിന്റെ ചുറ്റുവട്ടത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ബര്‍ റോഡ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ തമ്പടിച്ചിരുന്നു.