കണ്ണൂര്‍: രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തല്‍ മാര്‍ പാംപ്ലാനിയെപ്പോലെ ഒരാളില്‍നിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് സിപിഎം നേതാവ് പി.ജയരാജന് പ്രതികരിച്ചു. മാര്‍ പാംപ്ലാനി ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഇതാദ്യമല്ല. മുന്‍പ് റബര്‍ വിലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ക്രിസ്ത്യന്‍ മതവിശ്വാസികള്‍ തള്ളിക്കളഞ്ഞതാണ്. ബിഷപ്പിന്റെ ഈ പ്രസ്താവനയും അവര്‍ തള്ളിക്കളയും എന്നാണ് വിശ്വാസമെന്നും ജയരാജന് പറഞ്ഞു.
‘‘രക്തസാക്ഷികള്‍ ഒന്നടങ്കം കലഹിച്ചവരാണ് എന്നു കുറ്റപ്പെടുത്തിയത് സ്വാഭാവികമായും അദ്ദേഹത്തെപ്പോലെയുള്ള പരിണിതപ്രജ്ഞനായ പിതാവില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രക്തസാക്ഷിയാണല്ലോ മഹാത്മാ ഗാന്ധി. 1948 ജനുവരി 30ന് ഡല്‍ഹിയിലെ ബിര്‍ലാ മന്ദിറില്‍ പ്രാര്‍ഥനയ്ക്കായി നടന്നുപോകുന്ന അവസരത്തിലാണ് ഗോഡ്സെ ഉള്‍പ്പെടെയുള്ള മതഭ്രാന്തന്മാരായ ആളുകള്‍ മൃഗീയമായി അദ്ദേഹത്തെ വെടിവച്ചു കൊന്നത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം രാജ്യം ഔദ്യോഗികമായി ആചരിക്കുന്ന ദിനം കൂടിയാണ്. മഹാത്മാ ഗാന്ധി ആരുമായിട്ടാണ് കലഹിക്കാന്‍ പോയത്? ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം അന്നത്തെ പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി മുന്നില്‍നിന്ന് കൊലപ്പെടുത്തിയവര്‍ മാത്രമല്ല, പിന്നില്‍നിന്ന് പ്രവര്‍ത്തിച്ചവരും വിചാരണ ചെയ്യപ്പെടണം എന്ന നിര്‍ദേശം വന്നു. അങ്ങനെ നിയമവിരുദ്ധമാക്കപ്പെട്ട ഒരു സംഘടനയാണ് നരേന്ദ്ര മോദിയുടെ ആത്മീയാചാര്യന്മാരായിട്ടുള്ള ആര്‍എസ്എസ്. അടുത്ത കാലത്ത് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് രക്തസാക്ഷികളായത് മണിപ്പൂരിലുണ്ടായ കലാപത്തിലാണ്. മണിപ്പൂരിലെ കലാപത്തില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന ക്രിസ്തീയ മതവിശ്വാസികളായ ആളുകള്‍ രക്തസാക്ഷികളല്ലേ? മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന്റെ കൊള്ളരുതായ്മകളുടെ ഫലമായിട്ടാണ് അവര്‍ക്ക് ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നത് എന്നതാണ് ക്രിസ്തീയ സംഘടനകള്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്നതെന്നും ജയരാജന് പറഞ്ഞു