♦കര്‍ണാടക തെരഞ്ഞെടുപ്പില്‍ നേതാക്കന്മാര് സീറ്റുവിറ്റുവെന്ന ആരോപണവുമായി കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന മാധ്യമ പ്രവര്‍ത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. മുന്‍ വീക്ഷണം കൊച്ചി ബ്യൂറോ ചീഫും ഹിന്ദുസ്ഥാന്‍ സമാചാറിന്റെ കേരള പ്രതിനിതിയുമായ ജിബി സദാശിവന്റെ പോസ്റ്റാണ് കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് വഴിതെളിക്കുന്നത്.
♦സഹികെട്ട് പറയുന്നതാണ്. ആരോടും വ്യക്തിവിരോധമോ ഇഷ്ടക്കുറവോ ഉണ്ടായിട്ടല്ലന്ന് പറയുന്ന പോസ്റ്റിലുടനീളം സാധാരണ പ്രവര്‍ത്തകന്റെ സംശയങ്ങളും ദുരൂഹതകളുമാണ് പങ്കു വയ്ക്കുന്നത്.
♦കന്നഡയില്‍ പല സീറ്റുകളും പെയ്മെന്റ് ആയിരുന്നുവെന്നാണ് ജിബി പറയാതെ പറയുന്നത്. എം.എല്‍.എമാരെ ഏറ്റവും സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കഴിയുമായിരുന്ന കൊച്ചി ഒഴിവാക്കിയതും ദുരൂഹമാണ്, ബംഗളൂരുവിലേക്ക് ഏറ്റവും വേഗം ഏത്തന്കഴിയുമായിരുന്ന കൊച്ചിയിലേക്ക് എം എല്‍ എ മാരെ കൊണ്ട് വരുന്നതിന് തടസം നീന്നത് കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവാണന്നും ജിബി പറയുന്നു.
♦പോസ്റ്റ് പോള്‍ സാഹചര്യത്തില്‍ സട കുടഞ്ഞെഴുന്നേറ്റ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഉണര്ന്നിരുനെങ്കില് എത്ര നന്നായിരുന്നു. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയിട്ടും മൂന്നാമത് കക്ഷിക്ക് ഭരണം അടിയറ വയ്ക്കേണ്ടി വന്നതിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ സങ്കടവും പോസ്റ്റിലൂടെ ജിബി പങ്ക് വയ്ക്കുന്നു……
ജിബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ……⇓
♦എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെയാണ് ചില സൈബര്‍ കോണ്‍ഗ്രസുകാര്‍ കര്‍ണാടക ചൂണ്ടിക്കാട്ടി അര്മാദിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാക്കളെ മത്സരിച്ചു പുകഴ്ത്തുകയാണ് പലരും. എന്നാല്‍ വാസ്തവം എന്താണ്? മുഖ്യമന്ത്രി ഒരു സീറ്റില്‍ തോറ്റു, മറ്റൊരു സീറ്റില്‍ കഷ്ടിച്ചു ജയിച്ചു. സീറ്റിന്റെ എണ്ണം ഏതാണ്ട് പകുതിക്കടുത്ത് കുറഞ്ഞു. മന്ത്രിമാരും സ്പീക്കറും അടക്കം പതിനാലോളം പേര് പരാജയപ്പെട്ടു. എന്നിട്ടും പുകഴ്ത്താന്‍ മത്സരം. (സഹികെട്ട് പറയുന്നതാണ്. ആരോടും വ്യക്തിവിരോധമോ ഇഷ്ടക്കുറവോ ഉണ്ടായിട്ടല്ല). എന്നിട്ട് നടത്തിയ യുദ്ധം എന്തിനായിരുന്നു, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച സ്വന്തം എം എല്‍ എ മാര്‍ മറുകണ്ടം ചാടാതിരിക്കാന്‍. ഇത്ര വിശ്വാസം ഇല്ലാത്തവരെയൊക്കെ സ്ഥാനാര്‍ഥി ആക്കിയത് എന്തിന് വേണ്ടിയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ചുമതല ഉണ്ടായിരുന്ന നേതാക്കള്‍ ഒരു പഠനം പോയിട്ട് സര്‍വേ എങ്കിലും നടത്തിയോ അവിടെ. സിദ്ധരാമയ്യ പറഞ്ഞു. അത് തലയാട്ടി കേട്ട്. അല്ലാതെ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടോ, ജനങ്ങളുടെ ചിന്ത എന്താണ്, പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം എന്താണ്, ജാതി സമവാക്യങ്ങള്‍, കണക്കുകള്‍, തന്ത്രപരമായ ചുവടുകള്‍ ഇതിലെല്ലാം പരാജയപ്പെട്ടില്ലേ ചുമതല ഉണ്ടായിരുന്നവര്‍.
♦ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത് പല സീറ്റുകളും പെയ്മെന്റ് ആയിരുന്നു എന്നാണ്. ഏറ്റവും ഒടുവില്‍ ഏറ്റവും സുരക്ഷിത സ്ഥാനവും ബംഗളൂരുവിലേക്ക് ഏറ്റവും വേഗം ഏത്തന്കഴിയുമായിരുന്ന കൊച്ചിയിലേക്ക് എം എല്‍ എ മാരെ കൊണ്ട് വരുന്നതിന് തടസം നീന് കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവ് എന്തിന് വേണ്ടിയായിരുന്നു അക്കാര്യത്തില്‍ അത്ര വാശി കാണിച്ചതെന്ന് കൂടി അന്വേഷിക്കുന്നത് നല്ലതാ…
♦ചില യാഥാര്‍ഥ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഉള്‍ക്കൊണ്ടെ മതിയാകൂ. കാലത്തിന്റെ ചുവരെഴുത് വായിക്കാന്‍ കഴിഞ്ഞാല്‍ അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ മുന്നില്‍ ഇനിയും സമയമുണ്ട്. എന്താണ് കര്‍ണാടകത്തില്‍ ശരിക്കും നടന്നത്. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മോദിയും രാഹുലും തമ്മില്‍ നടന്ന നേര്‍ക്ക് നേര് പോരാട്ടത്തില്‍ ജനം അംഗീകരിച്ചത് മോദിയെ ആണ്, അവര്‍ വരിച്ചത് ബി ജെ പി യെ ആണ്. രാഹുലിന് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചിട്ടില്ല എന്ന സത്യം അംഗീകരിച്ചേ തീരൂ. ഇത്രയും ജനദ്രോഹ നടപടികള്‍ ഉണ്ടെന്നു രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും പ്രചരിപ്പിക്കുമ്പോഴും മോഡി പറയുന്നത് ജനം അംഗീകരിക്കുന്നു, മോദിയെ ജനം കേള്‍ക്കുന്നു, അംഗീകരിക്കുന്നു. ഇത് എന്ത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കണം. പക്ഷെ ജെ ഡി എസും കോണ്‍ഗ്രസും ബി ജെ പിക്കെതിരെ ആണ് വോട്ട് ചോദിച്ചത് എന്നതിനാല്‍ അവര്‍ യോജിച്ച് ബി ജെ പിക്കെതിരെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ തെറ്റില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ മാരെ മറുകണ്ടം ചാടാതെ സൂക്ഷിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും ഡി കെ ശിവകുമാര്‍, ഗുലാം നബി ആസാദ് എന്നിവര്‍ക്കാണ്. ബുദ്ധിപരവും ചടുലവുമായ നീക്കങ്ങള്‍ നടത്തിയത് അഭിഷേക് സിംഗ്വിയും കപില്‍ സിബലും. ഇവരല്ലാതെ മറ്റൊരാള്‍ക്കും ആ ക്രെഡിറ്റ് അവകാശപ്പെടാന്‍ ആവില്ല. കാരണം സംരക്ഷിക്കാന്‍ ആളുണ്ട് എന്ന് തോന്നിയാല്‍, നേതൃത്വം ഒപ്പമുണ്ട് എന്ന ഫീലിംഗ് ഉണ്ടെങ്കില്‍, ഇനി മറുകണ്ടം ചാടാന്‍ ആലോചിച്ച്ല് അത് ചോദ്യം ചെയ്യാന്‍ ആളുണ്ടെന്ന് തോന്നിയാല്‍ ഒരു എം എല്‍ എ യും ചാടി പോകില്ല.
♦തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, അഹമ്മ്ദ് പട്ടേല്‍ , ജയറാം രമേശ് തുടങ്ങിയവരില്‍ ആരെയെങ്കിലും പാര്‍ട്ടി നേതൃത്വം അവിടെ ചുമതല ഏല്പിക്കണമായിരുന്നു. അവസാന നിമിഷം ഏതെങ്കിലും ഒരു സമുദായത്തെ പ്രീണിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. വീമ്പിളക്കുന്നതിന് പകരം ജനം സര്‍ക്കാരിനെ അംഗീകരിക്കുന്നുണ്ടോ, സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരുന്നു. പാര്‍ട്ടി മറ്റെന്തെങ്കിലും ചുമതല ഏല്‍പ്പിക്കും പോലെയല്ല തെരഞ്ഞെടുപ്പ് ചുമതല. അത് പരിചയസമ്പത്തും ക്രൈസിസ് മാനേജ്മെന്റ് കഴിവും ഉള്ള നേതാക്കളെ താനെ ഏല്‍പ്പിക്കണം. യുവനിര വേണം എന്നതില്‍ സംശയമില്ല. പക്ഷെ പരിചയസമ്പന്നതയെ പൂര്‍ണമായും ഒഴിവാക്കി യുവനിരയെ എല്ലാം ഏല്‍പ്പിക്കാവുന്ന സാഹചര്യത്തിലല്ല ഇന്ന് പാര്‍ട്ടി എത്തി നില്‍ക്കുന്നത് എന്ന ബോധം പാര്‍ട്ടി നേതൃത്വത്തിന് വേണം. മുകളില്‍ പറഞ്ഞ നേതാക്കളില്‍ ആരെയെങ്കിലും ആയിരുന്നു തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചിരുന്നതെങ്കില്‍ വിധി മറ്റൊന്നാവുമായിരുന്നു. ഇപ്പോള്‍ ചുമതല ഉണ്ടായിരുന്നവര്‍ കഴിവില്ലാത്തവര്‍ ആണെന്നോ അവര്‍ പൂര്‍ണ പരാജയം ആണെന്നോ അല്ല ഞാന്‍ പറയുന്നത്. പക്ഷെ കുറച്ച് കൂടി ഗൗരവത്തോടെ പാര്‍ട്ടി ഇതിനെ സമീപിക്കാമായിരുന്നു. പോസ്റ്റ് പോള്‍ സാഹചര്യത്തില്‍ സട കുടഞ്ഞെഴുന്നേറ്റ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഉണര്ന്നിരുനെങ്കില് എത്ര നന്നായിരുന്നു. ഇതിപ്പോള്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയിട്ടും മൂന്നാമത് കക്ഷിക്ക് ഭരണം അടിയറ വയ്ക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു.
♦ഇനി നാടകം നടന്ന ദിവസങ്ങള്‍ പരിശോധിക്കാം. ആ സാഹചര്യം കുറച്ചു കൂടി മുതലെടുക്കാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും കഴിയുന്നിടത്തോളം പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും കര്‍ണാടകയില്‍ എത്തിച്ചോ രാഷ്ട്രപതി ഭവന് മുന്നിലോ പ്രതിഷേധം നടത്തി ഈ അവസരം നന്നായി മുതലെടുക്കാമായിരുന്നു.
♦2019 ല്‍ പിടിവാശി ഉപേക്ഷിച്ച് പ്രതിപ്പക്ഷ ഐക്യ നിര കെട്ടിപ്പടുത്താല് കോണ്‍ഗ്രസിന് രക്ഷപ്പെടാം. അല്ലങ്കില്‍ കൂടുതല്‍ ആഴങ്ങളിലേക്ക് പതിക്കാം. ചെവി തീനികളായ ചില മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ വഴി തെറ്റിക്കുന്നു, കേരള കാര്യങ്ങളില്‍ ഉള്‍പ്പെടെ. രാഹുല്‍ സ്തുതിക്കാരും നേതാക്കളുടെ സ്തുതി പാട്ടുകാരും കൂടി ഈ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. നേതാക്കള്‍ അല്ല പാര്‍ട്ടിയാണ് വലുത്. എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത അവസ്ഥയില്‍ നില്ക്കുന്ന പാര്‍ട്ടിക്ക് പ്രവര്‍ത്തകര്‍ ഓരോരുത്തരും ഊര്‍ജ്ജം നല്‍കുകയാണ് വേണ്ടത്. അല്ലാതെ നേതാക്കള്‍ക്കു സ്തുതി പാടിയിട്ടു ഒരു ഗുണവും പാര്‍ട്ടിക്കോ നിങ്ങള്‍ക്കോ ലഭിക്കില്ല. ഒരു കാര്യം മാത്രം ആലോചിക്കുക. ഇന്ധന വില കൂടുന്നു, സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നു, ഏകപക്ഷീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു, ജുഡീഷ്യറിയെ പോലും രാഷ്ട്രീയവത്ക്കരിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും ജനം മോദിയെ ശ്രദ്ധിക്കുന്നു, മോദിയെ സ്വീകരിക്കുന്നു. ഇത് എന്ത് കൊണ്ടെന്ന് ക്രിയാത്മകമായി, മനസിരുത്തി ചിന്തിക്കുക. പ്രവര്‍ത്തിക്കുക, ഉണരുക. ചെറുപ്പകകരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതൊക്കെ നല്ലത് തന്നെ, പക്ഷെ അവരുടെ കഴിവ്, ജനപിന്തുണ തുടങ്ങിയവ കൂടി പരിഗണിക്കുന്നത് നല്ലതാ.
മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ ഇടപെടല്‍ നടത്തുന്ന ജിബിയുടെ പോസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ വലിയ പ്രചരണമാണ് നേടുന്നത്. ഒപ്പം ജിബി ഉന്നയിക്കുന്ന ചോദ്യങ്ങളോട് അത്ര എളുപ്പം മുഖം തിരിക്കാനും നേതാക്കള്‍ക്ക് കഴിയില്ല.