ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡണ്ട് ആയതോടെ ഭീതിയിൽ ഇന്ത്യക്കാരായ ഏഴ് ലക്ഷത്തിലേറെ പേർ. അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചയക്കും എന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനമാണ് യുഎസിൽ അനധികൃതമായി താമസിക്കുന്ന 7.25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ ഭീതിയിലാക്കിയത്.
തീവ്ര ദേശീയതയിൽ ഊന്നി, രാജ്യസുരക്ഷ മുൻനിർത്തി, നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ഇന്നലെ ഡൊണാൾഡ് ട്രംപ് ഒപ്പിട്ടത്. അനധികൃത കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കും എന്ന് പറഞ്ഞ് അദ്ദേഹം ഇവരെയെല്ലാം കുറ്റവാളികൾ എന്ന് വിശേഷിപ്പിക്കുകയും ഉടൻ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കും എന്ന് പറയുകയും ചെയ്തിരുന്നു.
അമേരിക്കയിലെത്തിയിരിക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ പേർ മെക്സിക്കോയിൽ നിന്നാണ്, 40 ലക്ഷം. എൽ സൽവദൂർ രാജ്യത്തുനിന്നുള്ള ഏഴര ലക്ഷം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ ഉണ്ട്. ഈ രണ്ടു രാജ്യങ്ങൾ കഴിഞ്ഞാൽ യുഎസിന്റെ ഏറ്റവും വലിയ തലവേദന ഇക്കാര്യത്തിൽ ഇന്ത്യയാണ്.
യഥാർത്ഥ കണക്കനുസരിച്ച് അനധികൃതമായി യുഎസ്സിൽ എത്തിയ 14 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇവരിൽ പാതിയോളം പേർക്ക് അമേരിക്കയിൽ താൽക്കാലികമായി ജീവിക്കാനോ തൊഴിലെടുക്കാനോ ഉള്ള അനുമതി ഉണ്ട്. അവശേഷിക്കുന്നവർ യാതൊരു രേഖയും കയ്യിലില്ലാതെയാണ് ഇവിടെ തുടരുന്നത്. ജോർജ് ബുഷ്, ഒബാമ, ജോ ബൈഡൻ എന്നിവർ പ്രസിഡന്റുമാർ ആയിരുന്ന കാലത്ത് അനധികൃത കുടിയേറ്റത്തിൽ ഇത്രയും കടുത്ത നിലപാടുകൾ എടുത്തിരുന്നില്ല. എന്നാൽ ട്രംപ് ഇക്കാര്യത്തിൽ വ്യത്യസ്തനാണ്.