കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അര നൂറ്റാണ്ടിലേറെക്കാലം നിറസാന്നിദ്ധ്യമായിരുന്ന എൻ ഇ ബാലറാമിന്റെ നൂറാം ജന്മദിനമാണ് ഇന്ന്.
1919 നവംബർ 20 നാണ് ബാലറാം ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്സാണ്. ഭാരതീയ തത്വചിന്തയിലും മാർക്സിസത്തിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന സൈദ്ധാന്തികനും ചരിത്രകാരനും ആയിരുന്നു ബാലറാം. ഭാരതീയ തത്വചിന്തയിലെ ഒരു പ്രബലധാരയായ ഭൗതികവാദത്തെ തമസ്കരിക്കാൻ ആശയവാദത്തിന്റെ വ്യക്താക്കൾ നടത്തിയ ശ്രമങ്ങൾ പൊളിക്കുന്നതിൽ ബാലറാം നിസ്തുലമായ പങ്കാണ് വഹിച്ചത്. ഏതൊരു രാജ്യത്തിനും ജനതയ്ക്കും അതിന്റേതായ ദാർശനികവും സാംസ്കാരികവും ചരിത്രപരവുമായ ഒരു പൈതൃകമുണ്ട്. സാമൂഹ്യ പുരോഗതിക്കും സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും കൂടുതൽ നല്ലൊരു നാളേയ്ക്കും വേണ്ടി തലമുറകളായി നടത്തിയിട്ടുള്ള സമരത്തിന്റെ സവിശേഷമായ അനുഭവ പാഠങ്ങളുണ്ട്. ഇതെല്ലാം പാലിക്കാതെയും കണക്കിലെടുക്കാതെയും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരത്തെ മുന്നോട്ടു കൊണ്ടുപോകാൻ പരിപാടി തയ്യാറാക്കാനോ ജനങ്ങളെ അണിനിരത്താനോ സാദ്ധ്യമല്ല. ഈ അടിസ്ഥാനതത്വം മുൻനിർത്തിയാണ് ബാലറാം തന്റെ രചനകൾ നടത്തിയത്.
ഭാരതീയ പൈതൃകത്തെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം ആവശ്യമാണെന്ന് ബാലറാം ചൂണ്ടിക്കാണിച്ചു. വസ്തുനിഷ്ഠമായ ചരിത്ര പഠനത്തിനൊരുങ്ങിയാൽ ഏകത്വത്തിലെ നാനാത്വം എന്ന ചരിത്ര സംജ്ഞക്ക് ഏറ്റവും നല്ല ഉദാഹരണം ഇന്ത്യയാണെന്ന് കാണാമെന്ന് ബാലറാം കൂട്ടിച്ചേർത്തു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യനാളുകൾ എന്ന പുസ്തകത്തിൽ ‘വിചാര വിപ്ലവം’ എന്ന അദ്ധ്യായത്തിൽ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി മാറിയതിനെപ്പറ്റി ബാലറാം ഇങ്ങിനെ വിശദീകരിക്കുന്നു: ”കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി മാറിയത് അതിവേഗത്തിലാണ്. ബഹുജന പിന്തുണ നേടാൻ ആ പ്രസ്ഥാനത്തിന് സാധിക്കുകയും ചെയ്തു. ഇതിനുള്ള മുഖ്യകാരണം ആരംഭത്തിൽ തന്നെ ആ പ്രസ്ഥാനം സമഗ്രവും ശാസ്ത്രീയവുമായ ഒരു വീക്ഷണവും ഫലപ്രദവും സമരാത്മകവുമായ ഒരു കർമ്മ പഥവും സ്വീകരിച്ചതാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ മാർക്സിസം സ്വീകരിച്ചതാണ്. അയിത്തത്തിനും അനാചാരത്തിനും ജന്മിത്വത്തിനും അസ്വാതന്ത്ര്യത്തിനും ദിവാൻ ഭരണത്തിനും രാജഭരണത്തിനും വിദേശ ഭരണത്തിനുമെതിരായി കേരളത്തിൽ നേരത്തെ തന്നെ സമരങ്ങളാരംഭിച്ചിട്ടുണ്ട്. ഈ സമരങ്ങളിൽ കേരളീയർ പല വിജയങ്ങളും കൈവരിച്ചിട്ടുമുണ്ട്. എന്നാലും അയിത്തവും ജാതിവ്യത്യാസവും സവർണാധിപത്യവും ജന്മിത്വവും രാജഭരണവും വിദേശഭരണവും അവശേഷിക്കുകയും തുടരുകയുമാണുണ്ടായത്. ഈ ദുരവസ്ഥ എങ്ങനെ മാറ്റാം എന്നതായിരുന്നു അന്നത്തെ കാതലായ പ്രശ്നം.
സമൂഹത്തിലെ അധർമ്മങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും സാമൂഹ്യ സമ്പ്രദായങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അതിനു മുമ്പ് ശരിയായൊരു ധാരണ ഉണ്ടായിരുന്നില്ല. ജാതിവ്യത്യാസവും ജന്മിത്വവും അയിത്തവും തമ്മിലും, ജന്മിത്വവും ഭരണകൂടവും തമ്മിലും സവർണ മേധാവിത്വവും രാജഭരണവും തമ്മിലും, രാജഭരണവും വിദേശഭരണവും തമ്മിലുമുള്ള ബന്ധങ്ങളെക്കുറിച്ച് സാർവദേശീയമായ ഒരു വീക്ഷണം ഇല്ലെന്നു തന്നെ പറയാം. തന്മൂലം സമ്പൂർണമായ സാമൂഹ്യ വിപ്ലവത്തെക്കുറിച്ചുള്ള ധാരണയും ഉണ്ടായിരുന്നില്ല. ഈ പ്രത്യയശാസ്ത്ര വിടവ് നികത്തുക എന്ന ചരിത്രപരമായ കടമ നിർവഹിക്കാനും കേരളത്തിലെ ജനങ്ങൾക്ക് ശാസ്ത്രീയമായ ഒരു വീക്ഷണം പ്രദാനം ചെയ്യാനും കഴിഞ്ഞത് മാർക്സിസത്തിനാണ്; മാർക്സിസത്തിൽ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്. മാർക്സിസം കേരളത്തിൽ വളർന്നു വരാനുള്ള പ്രധാന കാരണം അതാണ്.” ‘ഹിന്ദുത്വം’ എന്ന ആശയത്തിൽ ജാതിവ്യത്യാസത്തിനെതിരായ ഒന്നും ഇല്ലെന്ന കാര്യം ബാലറാം ഓർമപ്പെടുത്തി. ഹിന്ദു സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അവസാനിപ്പിക്കാനുള്ള യാതൊന്നും സങ്കല്പ കർത്താക്കൾ പറയുന്നില്ലെന്നും ബാലറാം ചൂണ്ടിക്കാട്ടി.
ഭാരതീയ ദർശനമാകെ ഈശ്വര സങ്കൽപ്പാധിഷ്ഠിതമാണെന്ന ധാരണ തന്നെ അടിസ്ഥാനരഹിതമാണെന്ന പക്ഷക്കാരനായിരുന്നു ബാലറാം. ‘കമ്മ്യൂണിസവും ഹിന്ദു ധർമ്മവും’ എന്ന ലേഖനത്തിൽ അദ്ദേഹം എഴുതി: ”ഭാരതീയ ദർശനങ്ങളിൽ ആത്മീയവാദവും ഭൗതികവാദവും അടങ്ങിയിട്ടുണ്ടെന്നതാണ് പരമാർത്ഥം. തുറന്ന മനസ്സോടും അന്വേഷണ ബുദ്ധിയോടും കൂടി പ്രപഞ്ച രഹസ്യങ്ങളെ മനസ്സിലാക്കാൻ പ്രാചീനാചാര്യന്മാർ പാടുപെട്ടിരുന്നു എന്ന കഥ മറക്കരുത്. ” കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിലൊരാളായ ബാലറാം ഒരു ദശാബ്ദത്തിലേറെക്കാലം സി പി ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിലും സെക്രട്ടേറിയറ്റിലും അംഗമെന്ന നിലയിൽ ദേശീയതലത്തിലും ബാലറാം ദീർഘകാലം നേതൃത്വപരമായ പങ്ക് വഹിച്ചു. പക്വമതിയായ സാഹിത്യ വിമർശകനും നല്ലൊരു ആസ്വാദകനുമായിരുന്നു ബാലറാം. സാഹിത്യത്തോടും കലയോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ സവിശേഷത അതിൽ സെക്ടേറിയനിസത്തിന് സ്ഥാനമില്ലെന്നതായിരുന്നു.
അത്യന്താധുനിക പ്രവണതകളെ സഹിഷ്ണുതയോടെ കാണാനും വിലയിരുത്താനും അവയിലെ ക്രിയാത്മക വശങ്ങൾ എടുത്തുകാട്ടാനും അദ്ദേഹത്തിനു കഴിഞ്ഞു. പൊതു ജീവിതത്തിൽ പുലർത്തിയ ലാളിത്യവും സംശുദ്ധിയുമാണ് ബാലറാമിന്റെ മറ്റൊരു പ്രത്യേകത. സാമൂഹ്യമാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പൊതു പ്രവർത്തകർക്കെല്ലാം മാതൃകയാണ് ബാലറാമിന്റെ ജീവിതം. ബാലറാം ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം ഭാരതീയ ദർശനത്തെപ്പറ്റി നടത്തിയിട്ടുള്ള രചനകൾ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. ഭാരതത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതാനും എല്ലാറ്റിനെയും ഹിന്ദുത്വവൽക്കരിക്കാനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ബാലറാമിന്റെ ചിന്തകൾക്കും രചനകൾക്കും പ്രസക്തിയേറെയാണ്. ബാലറാമിന്റെ രചനകൾ കൂടുതൽ കൂടുതൽ പ്രചരിപ്പിക്കാൻ ഈ ജന്മശതാബ്ദി വേള അവസരമൊരുക്കട്ടെ.
(എൻ.ഇ ബൽറാമിനെ ഓർത്തെടുക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ കാനം രാജേന്ദ്രൻ)